കൊട്ടിയൂർ ദർശനത്തിന് എത്തിയ യുവാവിനെ ബാവലി പുഴയിൽ കാണാതായി

04:16 PM Jun 16, 2025 | AVANI MV

കൊട്ടിയൂർ : അക്കരെ കൊട്ടിയൂർ ദർശനത്തിന് എത്തിയ ഭക്തനെ ബാവലി പുഴയിൽ കുളിക്കാൻ ഇറങ്ങിയതിനു ശേഷം കാണാനില്ലെന്ന് പരാതി. കാസർഗോഡ് സ്വദേശി അഭിജിത്തിനെ ആണ് കാണാതായത്. ഞായറാഴ്ച രാവിലെയാണ് അഭിജിത്തും സുഹൃത്തുക്കളും കൊട്ടിയൂരിൽ എത്തിയത്. തുടർന്ന് പുഴയിൽ കുളിക്കാൻ ഇറങ്ങിയശേഷം അഭിജിത്തിനെ കാണാതായതോടെയാണ് സുഹൃത്തുക്കൾ പോലീസിന് പരാതി നൽകിയത്. 

പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. തുടർന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താൻ സാധിച്ചില്ല. സ്കൂബ ഡൈവിംഗ് ടീം ഉൾപ്പെടെ തിരച്ചിൽ നടത്തിയിരുന്നു.  കനത്ത മഴപെയ്തതിനെ തുടർന്ന് ബാവലി പുഴയിൽ ക്രമാതീതമായി ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ദേവസ്വം  കെട്ടിയ താൽക്കാലിക ബണ്ട് പൊട്ടിയത് മൂലം വലിയ കുത്തൊഴുക്കാണ്  പുഴയിൽ രൂപപ്പെട്ടിട്ടുള്ളത്. കൊട്ടിയൂരിൽ എത്തുന്ന ഭക്തജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് ഫയർഫോഴ്സ് അറിയിച്ചു. ഇന്ന് രാവിലെ കൊട്ടിയൂരിൽ  ദർശനത്തിനെത്തിയ കോഴിക്കോട് അത്തോളി സ്വദേശി നിശാന്തിനെയും  കാണാതായതായി ഭാര്യ പോലീസിന് പരാതി നൽകിയിട്ടുണ്ട്. ഭാര്യയുടെ പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.