പിശകുകൾ തിരുത്താതെ സ്വയംപഴിക്കുന്ന ആരോഗ്യമന്ത്രിക്ക് തുടരാൻ അർഹതയില്ല : കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

06:55 PM Jul 01, 2025 |


കണ്ണൂർ : സർക്കാർ വ്യവസ്ഥിതിയിലെ പിശകുകളെ തിരുത്താതെ സ്വയം പഴിക്കുന്ന ആരോഗ്യമന്ത്രിക്ക് ആ പദവിയിൽ തുടരാൻ അർഹതയില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽ എ പറഞ്ഞു. ആരോഗ്യ വകുപ്പിൻ്റെ അനാസ്ഥയിൽ പ്രതിഷേധിച്ചു കോൺഗ്രസ് സംസ്ഥാന വ്യാപകമായി  മെഡിക്കൽ കോളേജുകൾക്ക് മുൻപിൽ നടത്തിയ പ്രതിഷേധ ധർണയുടെ ഭാഗമായി പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജോശുപത്രിക്ക് മുൻപിൽ നടത്തിയ പരിപാടിയിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

 കൊട്ടിഘോഷിച്ച  ആരോഗ്യരംഗത്തെ കേരള മോഡൽ ഇന്ന് ലോകത്തിന് മുന്നിൽ തലകുനിയ്‌ക്കേണ്ട അവസ്ഥയാണ്.
ധമനന്ത്രി എത്രയൊക്കെ മാറ്റിപറഞ്ഞാലും ആരോഗ്യമേഖലയ്ക്ക് അനുവദിച്ച് തുകയിൽ ഗണ്യമായ വെട്ടിക്കുറവ് വരുത്തിയെന്നതാണ് വാസ്തവം. അഞ്ചു മെഡിക്കൽ കോളേജുകളിൽ നിന്ന് എല്ലാ ജില്ലകളിലും മെഡിക്കൽ കോളേജ് എന്ന ആശയം നടപ്പാക്കി ഉമ്മൻചാണ്ടി സർക്കാർ ആരോഗ്യമേഖലയിൽ വൻമാറ്റം നടപ്പാക്കിയപ്പോൾ എൽഡിഎഫ് സർക്കാർ ഈ മെഡിക്കൽ കോളേജുകളെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം സാമ്പത്തിക ഞെരുക്കം ഏർപ്പെടുത്തി തകർത്തുവെന്നും സണ്ണി ജോസഫ് പറഞ്ഞു. 

മരുന്നിന്റെയും ഉപകരങ്ങളുടെയും ക്ഷാമവും ജീവനക്കാരുടെ കുറവും എന്നിവ ചൂണ്ടിക്കാട്ടിയാൽ അങ്ങനെയൊന്നുമ്മില്ലെന്ന  നിഷേധാത്മക നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്.  ആരോഗ്യമന്ത്രിയുടെ നിഷേധാത്മക മറുപടി അസ്ഥാനത്താണ്.ആരോഗ്യമേഖലയിലെ പ്രശ്‌നം പഠിക്കാൻ സർക്കാർ നിശ്ചയിച്ച കമ്മീഷന്റെ പ്രവർത്തനം തൃപ്തികരമല്ല.

ചികിത്സാ പിഴവുകൾ ആവർത്തിക്കാതിരിക്കാൻ നടപടിയെടുക്കുന്നതിൽ സർക്കാർ പരാജയമാണ്. സ്വകാര്യമേഖലയിലെ ഭാരിച്ച ചെലവ് സാധാരണക്കാരന് ഉൾക്കൊള്ളാനാവില്ല. അതിനാൽ സർക്കാർ ആശുപത്രികളുടെ ശോചനീയ അവസ്ഥയ്ക്ക് മാറ്റംവേണം. ആരോഗ്യമേഖയുടെ അനാരോഗ്യവസ്ഥ പഠിക്കാനും പരിഹാരമാർഗം നിർദ്ദേശിക്കാനും യുഡിഎഫ് ഒരു കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്.അതോടൊപ്പം ഒരു മെഡിക്കൽ കോൺക്ലേവ് നടത്താനും നിശ്ചയിച്ചിട്ടുണ്ടെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. 

ആരോഗ്യപരിപാലത്തിന് കേരളം വലിയ പരിഗണന നൽകുമ്പോഴും ഡോക്ടേഴ്‌സ് ഡേ ദിനത്തിലുംസംസ്ഥാന സർക്കാരിന്റെ അവഗണനയ്‌ക്കെതിരെ ഡോക്ടർമാർ സമരമുഖത്താണ്. ഇടതുപക്ഷ സഹയാത്രികനായ ഡോ.ഹാരീസ് ഹസന്റെ വിമർശങ്ങൾ യാഥാർത്ഥ്യങ്ങളാണ്. ഉപകരണക്ഷാമം കാരണം ശസ്ത്രക്രിയ മാറ്റിവെയ്‌ക്കേണ്ട സാഹചര്യം തുറന്നുപറയാൻ അദ്ദേഹം നിർബന്ധിതനായതാണ്. അത്രയേറെ പരിതാപകരമാണ് സർക്കാർ ആശുപത്രികളുടെ അവസ്ഥ. ഹരീസ് ഹസന്റെ തുറന്ന് പറച്ചിലിനെ അസഹിഷ്ണുതയോടെ നേരിട്ട ആരോഗ്യമന്ത്രിക്ക് പിന്നീട് തീരുമാനം മാറ്റേണ്ടിവന്നത് അദ്ദേഹത്തിന്റെ വെളിപ്പെടുത്തലിൽ കഴമ്പുണ്ടെന്നത് കേരളീയ സമൂഹം അംഗീകരിച്ചതോടെയാണെന്നും സണ്ണി ജോസഫ് പറഞ്ഞു.