കണ്ണൂർ : കണ്ണൂർ നിയോജകമണ്ഡലത്തിലെ എടക്കാട് ഗ്രാമപഞ്ചായത്തിലെ നടാൽ - കിഴുന്ന എന്നീ പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന നടാൽ പുഴക്ക് കുറുകെ പുതുതായി നിർമ്മിച്ച നാറാണത്ത് പാലം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചു. ഒൻപതു വർഷം കൊണ്ട് കേരളത്തിലെ പശ്ചാത്തല വികസന മേഖലയിൽ വലിയ കുതിപ്പാണ് കാണാൻ സാധിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
കണ്ണൂർ ജില്ലയിൽ മാത്രം 16 പാലങ്ങളാണ് പൂർത്തിയാക്കിയിട്ടുള്ളത് . കണ്ണൂരിലെ പുതിയ ടൂറിസം മേഖലകൾക്ക് ഈ റോഡുകളും പാലങ്ങളും ഏറെ സഹായകരമാകുന്നതോടൊപ്പം നാടിൻറെ വികസന മുന്നേറ്റത്തിന് പുത്തൻ ഉണർവേകുകയും ചെയ്യുന്നു എന്ന് മന്ത്രി പറഞ്ഞു. പുരാവസ്തു പുരാരേഖ രജിസ്ട്രേഷൻ മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു.
നടാൽ പുഴയ്ക്ക് കുറുകെ ഉണ്ടായിരുന്ന വീതി കുറഞ്ഞ പഴയ പാലം പൊളിച്ചുമാറ്റി വീതി കൂടിയ പുതിയ പാലം നിർമ്മിക്കുന്നതിനായി 3.45 കോടി രൂപയാണ് ചിലവഴിച്ചിട്ടുള്ളത്. പാലത്തിന് 16.60 മീറ്റർ നീളമുള്ള രണ്ട് സ്പാനുകളും ഇരുഭാഗങ്ങളിലും 1.50 മീറ്റർ വീതിയിൽ നടപ്പാതയും ഉൾപ്പെടെ ആകെ 11 മീറ്റർ വീതിയുണ്ട്. പാലത്തിൻ്റെ അടിത്തറയ്ക്ക് പൈൽ ഫൗണ്ടേഷനാണ് നൽകിയിട്ടുള്ളത്. പാലത്തിൻറെ ഇരുഭാഗങ്ങളിലും 30 മീറ്റർ നീളത്തിൽ അനുബന്ധ റോഡുകളും കൂടാതെ ആവശ്യമായ ഇടങ്ങളിൽ കോൺക്രീറ്റ് പാർശ്വഭിത്തിയും ഡ്രൈനേജും റോഡ് സുരക്ഷാക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. കണ്ണൂർ കോർപ്പറേഷൻ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി കെ രാഗേഷ്,കണ്ണൂർ കോർപ്പറേഷൻ കൗൺസിലർമാരായ കെ വി കവിത ,ഫിറോസ് ഹാസിം ,പി വി കൃഷ്ണകുമാർ, എംകെ മുരളി, സി ലക്ഷ്മണൻ, രാഹുൽ കായക്കൽ, പി കെ മുഹമ്മദ്, കെ കെ ജയപ്രകാശ് , ഒ ബാലകൃഷ്ണൻ ,കെ പി പ്രശാന്തൻ, പി ഹരീന്ദ്രൻ ,അസ്ലാം പിലാക്കൽ ,കെ പ്രദീപൻ തുടങ്ങിയവർ പങ്കെടുത്തു.