കണ്ണൂർ :ദേശീയപാത നിർമ്മാണം പൂർത്തിയായാൽ കണ്ണൂർ തോട്ടട തലശ്ശേരി റൂട്ടിൽ ഉണ്ടാകാൻ പോകുന്ന യാത്ര ക്ലേശം പരിഹരിക്കുന്നതിന്റെ ഭാഗമായി നടാൽ ഓക്കേ യു പി സ്കൂൾ പരിസരത്ത് അടിപ്പാത നിർമ്മിക്കേണ്ടത് അനിവാര്യമാണെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം കെ സുധാകരൻ എംപി അഭിപ്രായപ്പെട്ടു .
ഓക്കേ യുപി സ്കൂൾ പരിസരത്ത് അടിപ്പാത നിർമ്മിക്കുന്നതിന് വേണ്ടി രണ്ടിലധികം തവണ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിൻ ഗഡ്ക്കരിയെ കണ്ട് നിവേദനം നൽകി കാര്യങ്ങൾ ബോധ്യപ്പെടുത്തിയിട്ടും ഈ വിഷയത്തിൽ അനുകൂലമായ ഒരു തീരുമാനം ഇതുവരെ ഉണ്ടാവാത്തത് ഖേദകരമാണ്.
കണ്ണൂർ പാർലമെന്റ് മണ്ഡലത്തിൽ നിരവധി അടിപ്പാതകൾ നിർമ്മിക്കേണ്ടതിന്റെ ആവശ്യം അനുഭാവപൂർവ്വം പരിഗണിച്ച കേന്ദ്ര ഉപരിതലഗതാഗത വകുപ്പ് മന്ത്രി ഈ വിഷയത്തിൽ മാത്രം അനുകൂലമായ ഒരു തീരുമാനം എടുക്കാത്തതിന്റെ കാരണം ഇവിടുത്തെ നാഷണൽ ഹൈവേ ഉദ്യോഗസ്ഥരുടെ നിഷേധാത്മക നിലപാടിന്റെ ഭാഗമാണോയെന്ന് സംശയിക്കുന്നു.
തുടക്കത്തിൽ ഈ അടിപ്പാതയ്ക്ക് വേണ്ടി ശബ്ദമുയർത്താത്ത സംസ്ഥാന സർക്കാർ ഇപ്പോൾ മുന്നോട്ടു വന്നതിൽ സന്തോഷമുണ്ട് . ഓക്കേ യു പി സ്കൂൾ പരിസരത്ത് അടിപ്പാത നിർമ്മിക്കണമെന്ന ആവശ്യവുമായി വീണ്ടും കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രിയെ കാണുകയും, ഈ മാസം നടക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ ഈ വിഷയം ഉന്നയിക്കുകയും ചെയ്യുമെന്ന് കെ സുധാകരൻ എംപി പറഞ്ഞു .