കണ്ണൂർ: ദേശീയപാതയുടെ വീതി കൂട്ടൽ പ്രവർത്തനങ്ങളുടെ ഭാഗമായി പെരുമ്പ, കുപ്പം, കുറ്റിക്കോൽ, വളപട്ടണം നദികൾ ഉൾപ്പെടെ നിരവധി നദികൾക്ക് കുറുകെയുള്ള അശാസ്ത്രീയ പാലം നിർമ്മാണം പുഴകളുടെ ഒഴുക്കിനും അടിത്തട്ടിനും വലിയ പാരിസ്ഥിതിക ആഘാതം സൃഷ്ടിക്കുന്നതായി ശാസ്ത്രവേദി കണ്ണൂർ ജില്ല കമ്മിറ്റി യോഗം വിലയിരുത്തി.
പാലങ്ങളുടെ നിർമാണത്തിനായി പുഴകൾക്ക് കുറുകെ മണ്ണ് ബണ്ടുകൾ കെട്ടി പുഴയുടെ സ്വാഭാവികമായ ഒഴുക്കിനെ തടസപ്പെടുത്തുകയാണ്. ശാസ്ത്രീയമായി ഫ്ലോട്ടിങ് ബാർജുകളോ കോഫർതടയണകളോ ഉപയോഗിക്കേണ്ടതിന് പകരം തീർത്തും പാരിസ്ഥിതിക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന പാലം നിർമ്മാണ രീതിയാണ് കണ്ടുവരുന്നത്. പലയിടങ്ങളിലും നിർമ്മാണം പൂർത്തിയായിട്ടു പോലും അശാസ്ത്രീയമായി നിർമ്മിച്ച ഈ ബണ്ടുകളിലെ മണ്ണും കല്ലും മാറ്റാതെ മഴക്കാലത്തെ പുഴയിലെ ഒഴുക്കിന് വിട്ടു കൊടുത്തിരിക്കയാണ്.
ഇതു പുഴകളുടെ അഴിമുഖത്ത് അസ്വാഭാവികമായി ഊറലുകൾ അടിഞ്ഞുകൂടി ഒറ്റപ്പെട്ടതും പുഴയോരത്ത് ചേർന്നുമുള്ള തുരുത്തുകൾ രൂപപ്പെടുന്നതിന് കാരണമാകുന്നു.
അത്തരം അവശിഷ്ടങ്ങൾ അടിഞ്ഞുകൂടുന്നത് നദിയുടെ പ്രകൃത്യ ഉള്ള രൂപഘടനയെയും ചലനാത്മകതയെയും ബാധിക്കുന്നു. ഇത്തരം അസ്വാഭാവിക ഊറലുകൾ ജലജീവികളുടെ ആവാസവ്യവസ്ഥയ്ക്ക് വിനാശകരമായ മാറ്റങ്ങളുണ്ടാക്കുന്നു. സ്വാഭാവികമായം പുഴ ചെന്നു പതിക്കുന്ന കായലിനെയും കടലിനെയും ഇത് ബാധിക്കുന്നു. മഴ ശക്തമായപ്പോൾ പാലത്തിന്റെ അപ്രോച്ച് റോഡിന് നിക്ഷേപിച്ച മണ്ണ് ഒഴുക്കിനൊപ്പം കുപ്പം പുഴയിലേക്കൊഴുകി വലിയ രീതിയിൽ അടിത്തട്ടിൽ അടിഞ്ഞു കൂടിയിട്ടുണ്ട്.
പുഴയുടെ ഒഴുക്കിന്റെ വേഗതയിൽ മാറ്റങ്ങൾ വരുന്നത് തീരങ്ങളിലെ വെള്ളപ്പൊക്ക സാധ്യത വർദ്ധിപ്പിക്കുന്നതിന് കാരണമാകും. അധികൃതർ ഇടപ്പെട്ട് കരാറുകാരോട് അടിയന്തിരമായി അവശിഷ്ടങ്ങൾ നീക്കാൻ നിർദ്ദേശിക്കണം. പാരിസ്ഥിതിക നിരീക്ഷണത്തിന്റെയും സത്യസന്ധമായ പരിശോധനയുടെയും അപര്യാപ്തതയാണ് ലാഭേച്ഛ കൊണ്ട് ഇത്തരം അശാസ്ത്രീയ മാർഗ്ഗങ്ങൾ കരാറുകാർ പിന്തുടരുന്നതെന്നും യോഗം വിലയിരുത്തി.
ശാസ്ത്രവേദി കണ്ണൂർ ജില്ലാ പ്രസിഡണ്ട് എ. ആർ. ജിതേന്ദ്രൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡണ്ടും, ഭൗമപഠന ശാസ്ത്രജ്ഞനുമായ ഡോ.കെ.കെ.രാമചന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്തു. ഇരിട്ടി എം.ജി. കോളേജ് മുൻ പ്രിൻസിപ്പാൾ പ്രൊഫ.എം.പി.ലക്ഷ്മണൻ,എം. രാജീവൻ, ആർ.ദിനേശ്, എം.രത്നകുമാർ ,കെ.സി.ശ്രീജിത്ത് എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി എസ്.പി.മധുസൂദനൻ സ്വാഗതവും ജോ.സെക്രട്ടറി കെ.എൻ.പുഷ്പലത നന്ദിയും പറഞ്ഞു.
ഭാരവാഹികൾ ഡോ. ആർ.കെ. ബിജു ( ജില്ലാ പ്രസി)എസ്. പി. മധുസൂദനൻ ( സെക്ര), കെ.സി ശ്രീജിത്ത് (ട്രഷ)