നാടിൻ്റെ നന്മകൾ തേടി കണ്ണൂരിലെ മംഗലശ്ശേരിയിലെത്തി പ്രഭാത സവാരി സംഘം

12:30 PM Jul 07, 2025 | Neha Nair

കണ്ണൂർ : വില്ലേജ് ടൂറിംസം ഭൂപടത്തിൽ ശ്രദ്ധ പിടിച്ചു പറ്റിയ പട്ടുവം മംഗലശ്ശേരിഗ്രാമം കാണുവാനും പ്രകൃതി ഭംഗി ആസ്വദിക്കാനും ടൂറിസ്റ്റുകൾ എത്തി തുടങ്ങി. മലനാട് മലബാർ ക്രൂസ് ടൂറിസം പദ്ധതി പ്രദേശമായ മംഗലശ്ശേരി വയലിൽ അമ്പതോളം പിപിസി വാക്കേഴ്‌സ് ക്ലബ് അംഗങ്ങൾ പ്രഭാത സവാരി നടത്തി.

മൺസൂൺ ടൂറിസത്തിൻ്റെ ഭാഗമായി കണ്ണൂർ ജില്ലയിലെ പ്രധാനപ്പെട്ട ടൂറിസം ഗ്രാമങ്ങൾ സന്ദർശിച്ച് ആ ഗ്രാമങ്ങളിലെ ടൂറിസം സാദ്ധ്യതകൾ മനസ്സിലാക്കി ഇൻബോണ്ട് ടൂറിസം വികസിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് കണ്ണൂർ ആസ്ഥാനമായ പിപിസി വാക്കേഴ്‌സ് ക്ലബ് അംഗങ്ങൾ മംഗലശ്ശേരിയിൽ ഒത്തുചേർന്നത്.

പ്രഭാത സവാരിയോടൊപ്പം യോഗയും സൂമ്പ ഡാൻസും ചെയ്തു. മംഗലശ്ശേരി നവോദയ വായനശാലയുടെ പ്രവർത്തകരായ അജിത്ത്,ലിബീഷ്,ഹരിദാസൻ മംഗലശ്ശേരി എന്നിവർ പിപിസി വാക്കേഴ്‌സ് ക്ലബ് അംഗങ്ങളെ സ്വീകരിച്ച് ഗ്രാമത്തിൻ്റെ ടൂറിസം സാദ്ധ്യതകൾ വിശ്ദീകരിച്ചു കൊടുത്തു.

ക്ലബ് പ്രസിഡൻ്റ് ആർക്കിടെക്ട് ടി.വി.മധുകുമാർ,സെക്രട്ടറി രമേഷ് .പി.,ചേമ്പർ ഓഫ് കൊമേഴ്സ് പ്രസിഡൻ്റ് ടി.കെ. രമേഷ്കുമാർ  വിജയ് നീലകണഠൻ എന്നിവർ ടൂറിസം യാത്രയ്ക്ക് നേതൃത്വം നല്കി.