
കണ്ണൂർ: തുടർച്ചയായി അഞ്ചാം തവണയും സംസ്ഥാന പുരസ്‌കാരംനേടി തളിപ്പറമ്പ് കോ ഓപ്പറേറ്റീവ് എഡ്യുക്കേഷണൽ സൊസൈറ്റി. സംസ്ഥാന സഹകരണ അവാർഡിൽ വിദ്യാഭ്യാസ സഹകരണസംഘം വിഭാഗത്തിലാണ് സൊസൈറ്റി ഈ വർഷവും പുരസ്‌കാരത്തിനർഹമായത്. കഴിഞ്ഞ വർഷം രണ്ടാം സ്ഥാനവും അതിന് മുൻ വർഷത്തിൽ ഒന്നാംസ്ഥാനവും സൊസൈറ്റിക്കായിരുന്നു. നേരത്തെ രണ്ടാം സ്ഥാനവും പ്രോത്സാഹനസമ്മാനവും ഓരോതവണയും ലഭിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ആദ്യമായി സ്വാശ്രയ മേഖലയിൽ അനുവദിച്ച തളിപ്പറമ്പ് സഹകരണ ആർട്സ് ആൻഡ് സയൻസ് കോളേജ് (ടിഎഎസ്‌സി–-ടാസ്‌ക്) പ്രവർത്തിക്കുന്നത് ഈ സൊസൈറ്റിക്ക് കീഴിലാണ്. തളിപ്പറമ്പ് ബ്ലോക്കിലെ 13 പഞ്ചായത്തുകളും തളിപ്പറമ്പ്, ആന്തൂർ, ശ്രീകണ്ഠാപുരം നഗരസഭകളും പ്രവർത്തന പരിധിയായി 1981 ജൂലൈ 15നാണ് സൊസൈറ്റി രജിസ്റ്റർ ചെയ്‌തത്. 1998 വരെ തളിപ്പറമ്പ് കോ–-ഓപ്പറേറ്റീവ് കോളേജ് എന്ന പേരിൽ പാരലൽകോളേജ് നടത്തിയിരുന്നു. 1999 മുതൽ കണ്ണൂർ യൂണിവേഴ്സിറ്റിയിൽ സഹകരിച്ച് വിവിധ കമ്പ്യൂട്ടർ കോഴ്സുകളും നടത്തി. 2002–-03ലാണ് കാഞ്ഞിരങ്ങാട്ട് 22.8 ഏക്കറിൽ ടാസ്‌ക് എന്ന പേരിൽ കോളേജ് ആരംഭിച്ചത്.
ഫിസിക്‌സ് ഉൾപ്പെടെ മൂന്ന് ബിരുദാനന്തരബിരുദങ്ങളിലും 12 ബിരുദകോഴ്‌സുകളിലുമായി 960 വിദ്യാർഥികളുണ്ട്. ലാബ് സൗകര്യം, 8200 പുസ്തകങ്ങളുള്ള ലൈബ്രറി, എൻഎസ്എസ്, പ്ലേസ്മെന്റ്സെൽ, മൈതാനം, കാന്റീൻ, കോളേജ് ബസ്, യോഗാപരിശീലനം, എയ്റോബിക് പ്രാക്ടീസും കോളേജിലുണ്ട്. ഉയർന്ന വിജയശതമാനമുൾപ്പെടെ അനവധി സർവകലാശാലാ റാങ്കുകളും കരസ്ഥമാക്കി. കലോത്സവങ്ങളിലും സജീവസാന്നിധ്യമാണ്. ശുചിത്വ–-മാലിന്യ സംരക്ഷണം, ജലസുരക്ഷ, ഊർജ്ജജൈവ വൈവിദ്ധ്യ സംരക്ഷണം എന്നീ മേഖലകളിലെ പ്രവർത്തനങ്ങൾക്ക് എ പ്ലസ് ഗ്രേഡോടെ ഹരിതകലാലയമായും പ്രഖ്യാപിച്ചിരുന്നു.
സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരെ തെരഞ്ഞെടുക്കാനാള്ള പരീക്ഷ നടത്തുന്നതിനുള്ള ഔട്ട്സൈഡ് ഏജൻസിയും സംഘത്തിന് കീഴിലുണ്ട്. സഹകരണപ്രസ്സ്, അക്ഷയ സെന്റർ, സുഭിക്ഷ കേരളം, മത്സ്യകൃഷി, സഹകരണ ബാങ്ക് കോച്ചിങ്, സിഎംഎ, യുഎസ്‌എ ഹോസ്‌പിറ്റൽ അഡ്‌മിനിസ്‌ട്രേഷൻ , ഹ്യൂമൻ റിസോഴ്‌സ് മാനേജ്‌മെന്റ് എന്നിവയും സംഘടിപ്പിക്കുന്നുണ്ട്.
ഐ വി നാരായണൻ പ്രസിഡന്റും പി എൻ സുലേഖ സെക്രട്ടറിയുമായ 11 അംഗ ഭരണസമിതിയാണ് 71 ജീവനക്കാരുള്ള സൊസൈറ്റിയുടെ പ്രവർത്തനം നിയന്ത്രിക്കുന്നത്.