തളിപ്പറമ്പ്: ശൗചാലയമാലിന്യം കാക്കത്തോട്ടിലേക്ക് ഒഴുക്കി വിട്ട ബാംബുഫ്രഷ് റസ്റ്റോറന്റ് ഉടമക്കെതിരെ തളിപ്പറമ്പ് പൊലീസ് കേസെടുത്തു. തളിപ്പറമ്പ് ചിറവക്കില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍ നിന്നും ശൗചാലയത്തിൽ നിന്നും ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കാക്കാത്തോട് വഴി കീഴാറ്റൂര്‍ ഭാഗത്തേക്ക് ഒഴുക്കിവിട്ട സംഭവത്തിലാണ് കേസ്.
സി.പി.എം തളിപ്പറമ്പ് നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി കെ.ബിജുമോന്‍ നല്‍കിയ പരാതിയിലാണ് ഭാരതീയ ന്യായസംഹിതയിലെ സെക്ഷന്‍ 271 പ്രകാരം കേസെടുത്തത്. മനുഷ്യജീവന് അപകടം വരുത്തുന്ന അപകടകാരികളായ രോഗാണുക്കളെ പൊതുസ്ഥലത്തേക്ക് പടര്‍ത്തിവിട്ടതിനാണ് കേസ്.
ആറ് മാസം തടവോ പിഴയോ രണ്ടും കൂടിയോ ശിക്ഷ വിധിക്കാവുന്ന ശിക്ഷയാണിത് പൊതുപണിമുടക്കിന്റെ മറവില്‍ പട്ടാപ്പകല്‍ മാലിന്യം തോട്ടിലേക്ക് പമ്പുചെയ്ത് ഒഴുക്കിയ ഹോട്ടല്‍ നഗരസഭാ അധികൃതര്‍ അടപ്പിച്ചിട്ടുണ്ട്.
വ്യാഴാഴ്ച്ച ഉച്ചയോടെയായിരുന്നു സംഭവം. കീഴാറ്റൂര്‍ തോട്ടിലൂടെ കടുത്ത ദുര്‍ഗന്ധത്തോടെ ശുചിമുറി മാലിന്യങ്ങള്‍ ഒഴുകിവരുന്നത് ശ്രദ്ധയില്‍പെട്ട നാട്ടുകാരുടെ അന്വേഷണത്തിലാണ് തളിപ്പറമ്പ് ചിറവക്കിലെ ബാംബുഫ്രഷ് റസ്‌റ്റോറന്റില്‍ നിന്നാണ് സെപ്റ്റിക് ടാങ്ക് തുറന്ന് മാലിന്യങ്ങള്‍ ഒഴുക്കിയതെന്ന് വ്യക്തമായത്.
ഇതോടെ കീഴാറ്റൂരില്‍ നിന്നും എത്തിയ നാട്ടുകാര്‍ പ്രതിഷേധവുമായി ഹോട്ടല്‍ വളഞ്ഞു.
നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ കെ.നബീസബീവി, പി.പി.മുഹമ്മദ്‌നിസാര്‍, കൗണ്‍സിലര്‍മാരായ കെ.എം.ലത്തീഫ്, കെ.രമേശന്‍, സി.പി.എം നോര്‍ത്ത് ലോക്കല്‍ സെക്രട്ടെറി കെ.ബിജുമോന്‍ എന്നിവര്‍ വിവരമറിഞ്ഞ് സ്ഥലത്തെത്തി. പ്രശ്‌നം രൂക്ഷമായതിനെ തുടര്‍ന്ന് തളിപ്പറമ്പ് പൊലീസും സ്ഥലത്തെത്തി.
പ്രശ്‌നം പരിഹരിക്കപ്പെടുന്നതുവരെ നഗരസഭാധികൃതർഹോട്ടല്‍ അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശം നല്‍കിയാണ് ഒടുവില്‍ പരിഹാരം കണ്ടത്. സെപ്റ്റിക് ടാങ്ക് പ്രശ്‌നത്തില്‍ ശാശ്വതപരിഹാരം കണ്ടാല്‍ മാത്രമേ ഇനി ഹോട്ടല്‍ തുറക്കാന്‍ അനുവദിക്കൂകയുള്ളുവെന്ന് നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ പറഞ്ഞു. നഗരത്തിലെ വിവിധ സ്ഥാപനങ്ങളുടെ സെപ്റ്റിക് ടാങ്കില്‍ നിന്നും കാക്കാത്തോട്ടിലേക്ക് മാലിന്യം ഒഴുക്കുന്നുണ്ടെന്നും ഇത് പരിശോധിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.