അനധികൃത സ്വത്ത് സമ്പാദനപരാതി : മാടായി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റിൻ്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്

03:11 PM Jul 10, 2025 | AVANI MV

കണ്ണൂർ: അനധികൃത സ്വത്ത് സമ്പാദന പരാതിയിൽ പഞ്ചായത്ത് പ്രസിഡന്റായ ലീഗ് നേതാവിൻ്റെ വീട്ടിൽ റെയ്‌ഡ്. മാടായി പഞ്ചായത്ത് പ്രസിഡന്റും മുസ്ലിം ലീഗ് നേതാവുമായ സെയ്ദ് കായിക്കാരന്റെ വീട്ടിലാണ് വിജിലൻസ് റെയ്‌ഡ്. മാട്ടൂൽ നോർത്ത് എൻ എം യു പി സ്കൂ‌ളിന് സമീപത്തെ വീട്ടിലാണ് വ്യാഴാഴ്ച്‌ച രാവിലെ 6.30 ന് കോഴിക്കോട് വിജിലൻസ് റെയ്‌ഡ് ആരംഭിച്ചത്.

സ്പെഷൽ സെൽ ഡിവൈഎസ്‌പിമാരായ സുരേഷ് കുമാർ, രമേശ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. ഐ ടി വിഭാഗം വിദഗ്ദർ, ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥർ ഉൾപ്പടെ 32 അംഗ ടീമാണ് പരിശോധന നടത്തുന്നത്.

 മാടായി സ്വദേശി നൽകിയ അനധികൃത സ്വത്ത് സമ്പാദന പരാതിയിൽ നടത്തിയ പ്രാഥമികാന്വേഷണത്തിൽ ചില സുപ്രധാന സൂചനകൾ കിട്ടിയതിനെ തുടർന്നാണ് വീട്ടിൽ പരിശോധനക്കെത്തിയത്. പയ്യന്നൂർ പൊലീസ് എസ് ഐ കെ പി ശ്രീധരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് സുരക്ഷയൊരുക്കുന്നത്. പരിശോധന വൈകിട്ട് വരെ തുടരുമെന്നാണ് സൂചന.