ഇരിട്ടി : എടക്കാനം റിവർവ്യൂ പോയിന്റിൽ പ്രദേശവാസികളെ ആക്രമിച്ച സംഭവത്തിൽ രണ്ട് പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സിപിഎം കാക്കയങ്ങാട് ലോക്കൽ കമ്മിറ്റി അംഗം പാലപ്പുഴ സ്വദേശി എ രഞ്ജിത്ത്,അക്ഷയ് എന്നിവരെയാണ് ഇരിട്ടി പൊലീസ് പിടികൂടിയത്. പിടികൂടിയ പ്രതികൾക്ക് ക്രിമിനൽ പശ്ചാത്തലം ഉള്ളതായി പൊലീസ് പറഞ്ഞു. അക്ഷയ് നിരവധി കേസുകളിലെ പ്രതിയാണ്.
കൂത്തുപറമ്പിലെ കുഴൽപ്പണക്കേസ്, നാടൻ തോക്ക് കൈവശം വെച്ചതു ഉൾപ്പെടെയുള്ള കേസുകളും പ്രതിക്കെതിരെ വിവിധ സ്റ്റേഷനുകളിൽ നിലവിലുണ്ട്. കസ്റ്റഡിയിലെടുത്ത പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കഴിഞ്ഞ ഞായറാഴ്ച്ച വൈകിട്ട് ഏഴു മണിയോടെയാണ് മൂന്ന് വാഹനങ്ങളിൽ മാരകായുധവുമായി എത്തിയ പ്രതികൾ പ്രദേശവാസികൾക്കെതിരെ വ്യാപകമായ അക്രമം നടത്തിയത്.
പ്രദേശവാസികളായ അഞ്ചുപേർക്കാണ് പരുക്കേറ്റത്. ഇവർ തലശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികത്സയിലാണ്. എടയന്നൂർ ഷുഹൈബ് വധക്കേസിലെ പ്രതി ദീപ് ചന്ദുൾപ്പെടെ 15 പേരാണ് കേസിലെ പ്രതികൾ. ഇതിൽ 13 പേർ ഒളിവിലാണ്. ഇവർ സഞ്ചരിച്ച കാറുകളിലൊന്ന് എടക്കാനംപുഴയോരത്ത് മറിഞ്ഞ നിലയിൽ കണ്ടെത്തിയിരുന്നു. ഇതുപൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.