തലശേരി :പുസ്തകങ്ങളിലൂടെ മാത്രം വായിച്ചറിഞ്ഞ നോവലിസ്റ്റ് എം മുകുന്ദനെ നേരിട്ടു കണ്ടതിലും അദ്ദേഹത്തിന്റെ നോവലുകളിലെ ഭാഷയെകുറിച്ച് പുസ്തകത്തിൽ ഉൾപ്പെടുത്താൻ സാധിച്ചതിലുമുള്ള സന്തോഷത്തിലാണ് 'ഒപ്പരം' പുസ്തകം തയ്യാറാക്കിയ വിദ്യാർത്ഥികൾ. സമഗ്ര ശിക്ഷാ കേരളം കണ്ണൂർ, തലശ്ശേരി സൗത്ത് ബി.ആർ.സി എന്നിവയുടെ നേതൃത്വത്തിലാണ് തലശ്ശേരിയിലെ പ്രാദേശിക ഭാഷാപ്രയോഗങ്ങളെക്കുറിച്ചുള്ള പഠനം പുസ്തകമാക്കിയത്.
വിദ്യാർഥികൾ തയാറാക്കിയ ലഘു ഗവേഷണ ഗ്രന്ഥം 'ഒപ്പരം' സാഹിത്യകാരൻ എം.മുകുന്ദൻ തലശ്ശേരി നഗരസഭ ചെയർപേഴ്‌സൺ കെ.എം ജമുനാ റാണി ടീച്ചർക്ക് നൽകി പ്രകാശനം ചെയ്തു. ഭാഷ മരിച്ചു കൊണ്ടിരിക്കുന്ന ഈ കാലത്ത് അതിന്റെ സംരക്ഷണം നാം ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്നും ഇതാണ് ഇവിടെ സാക്ഷാത്കരിക്കപ്പെട്ടതെന്നും എം മുകുന്ദൻ പറഞ്ഞു.
തലശ്ശേരിയുടെ ഭാഷാപൈതൃകം, അന്യം നിന്ന് പോകുന്ന പ്രാദേശിക പദങ്ങൾ, സാമൂഹികവും ചരിത്രപരവുമായ പശ്ചാത്തലം എന്നീ വിഷയങ്ങളെക്കുറിച്ചാണ് പുസ്തകത്തിൽ പ്രതിപാദിക്കുന്നത്. തലശ്ശേരി സേക്രഡ് ഹാർട്ട് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ, ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ തിരുവങ്ങാട്, എംഎംഎച്ച്എസ്എസ് ന്യൂ മാഹി, ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ പാലയാട്, ജിവിഎച്ച്എസ്എസ് കൊടുവള്ളി എന്നീ വിദ്യാലയങ്ങളിൽ നിന്നും ആറ് വീതം കുട്ടികളെ ഉൾപ്പെടുന്ന 30 അംഗ സംഘമാണ് പ്രോജക്ട് പൂർത്തിയാക്കിയത്. എംഎംഎച്ച്എച്ച്എസ് എസ് ന്യൂമാഹി സ്‌കൂളിലെ വൈഗ സച്ചിൻ, എം എച്ച് എച്ച് എസ് എസ് ന്യൂ മാഹി സ്‌കൂളിലെ സി.എം മാനസ, സേക്രഡ് ഹാർട്ട് ഗേൾസ് എച്ച്എസ്എസ് തലശ്ശേരി സ്‌കൂളിലെ ഇസ ജാഫർ, ജിഎച്ച്എസ്എസ് തിരുവങ്ങാട് സ്‌കൂളിലെ സാത്വിക രാകേഷ് എന്നീ വിദ്യാർത്ഥികളും ബി.പി.സി ടി.വി സഖീഷ്, ട്രെയിനർമാരായ അബ്ദുൾ മജീദ്, ടി.കെ ഷാജ്, നിശാ റാണി, ടി പ്രിയ എന്നിവരുമാണ് ഇതിന് നേതൃത്വം നൽകിയത്.
വിദ്യാർത്ഥികൾ ഒറ്റയ്ക്കും സംഘങ്ങളായും പ്രദേശത്തെ നൂറിലധികം വീടുകൾ സന്ദർശിച്ച് പദ ശേഖരണവും അന്വേഷണവും നടത്തി. ഒരു വർഷം നീണ്ടുനിന്ന പ്രവർത്തനത്തിനാണ്് വിദ്യാർഥികളും ചുമതല വഹിക്കുന്ന അധ്യാപകരും നേതൃത്വം കൊടുത്തത്. നാട്ടുഭാഷാ പൈതൃകത്തിന്റെ ചരിത്ര പശ്ചാത്തലത്തെക്കുറിച്ച് പ്രമുഖ ചരിത്ര പണ്ഡിതനായ ഡോ എ വത്സലൻ, നാട്ടുഭാഷാ പണ്ഡിതനായ ഞാറ്റിയാല ശ്രീധരൻ എന്നിവരുമായി വിദ്യാർഥികൾ അഭിമുഖം നടത്തി. ഇതിനുപുറമെ ഗുണ്ടർട്ട് ബംഗ്ലാവിൽ സന്ദർശനം നടത്തി ഗുണ്ടർട്ട് നിഘണ്ടുവിലൂടെ വാക്കുകളെ പരിചയപ്പെട്ടുമാണ് അന്വേഷണം ഊർജിതമാക്കിയത്. തലശ്ശേരിയിലെ നാട്ടുഭാഷ ഏറ്റവും തെളിഞ്ഞു കാണുന്നത് എം മുകുന്ദന്റെ നോവലുകളിലാണ്. മയ്യഴിപ്പുഴയുടെ തീരങ്ങളിൽ, കുട നന്നാക്കുന്ന ചോയി, നൃത്തം ചെയ്യുന്ന കുടകൾ എന്നീ നോവലുകളിലെ പ്രാദേശിക ഭാഷാ പ്രയോഗങ്ങൾ കൂടി കുട്ടികൾ അന്വേഷണത്തിന്റെ ഭാഗമാക്കി. ഗവ. ബ്രണ്ണൻ കോളേജിലെ മലയാള വിഭാഗമാണ് പ്രൊജക്ട് പങ്കാളി.
വാമൊഴി വഴക്കത്തിലും വടക്കേ മലബാറിന്റെ തനതു ഭാഷാശൈലിയിലും ഭാഷാ പൈതൃകത്തിന്റെ കാര്യത്തിലും വേറിട്ട് അടയാളപ്പെടുത്തേണ്ട ഒരിടമാണ് തലശ്ശേരി. മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും നമോമണ്ഡലം എടുത്തു പരിശോധിച്ചാലും തലശ്ശേരിയുടെ സ്ഥാനം വളരെ വലുതാണ്. ഇന്ദുലേഖ എന്ന ലക്ഷണമൊത്ത നോവൽ മലയാളത്തിന് സമർപ്പിച്ച ചന്തുമേനോന്റെ തട്ടകം, ജന്മംകൊണ്ട് മലയാളി അല്ലെങ്കിലും കർമ്മം കൊണ്ട് മലയാളിയായ മലയാള ഭാഷയുടെ വളർത്തച്ഛൻ ഗുണ്ടർട്ടിന്റെ തട്ടകം എന്നിങ്ങനെ തലശ്ശേരിയുടെ നാട്ടുഭാഷ സൗന്ദര്യത്തിന്റെ വിവിധ തലങ്ങൾ അന്വേഷിച്ച് ആളുകളിലേക്ക് എത്തിക്കാൻ സാധിച്ചതിൽ ഏറെ അഭിമാനിക്കുകയാണ് വിദ്യാർത്ഥികൾ.
തലശ്ശേരി മുൻസിപ്പൽ കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ തലശ്ശേരി സൗത്ത് ബി പി സി ടി.വി സഖീഷ് അധ്യക്ഷനായി. പരിപാടിയിൽ കുട്ടികളുടെ സയൻസ് സ്ലാം മാതൃകയിലുള്ള പുസ്തക പരിചയവും നടന്നു. തലശ്ശേരി നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ശബാന ഷാനവാസ്, കണ്ണൂർ എസ് എസ് കെ ഡി.പി.സി ഇ.സി വിനോദ്, ഗവ. ബ്രണ്ണൻ കോളേജ് അസിസ്റ്റന്റ് പ്രൊഫ. ഡോ. കെ.വി മഞ്ജുള, കണ്ണൂർ എസ് എസ് കെ ഡിപിഒമാരായ സബിത്ത്, ഡോ. രാജേഷ് കടന്നപ്പള്ളി, കെ.വി ദീപേഷ്, മാടായി ബി ആർ സി ട്രെയിനർ കെ.രഞ്ജിത്ത്, ഡയറ്റ് ഫാക്കൽറ്റി ഡോ. അനുപമ ബാലകൃഷ്ണൻ, ടി.കെ ഷാജി, അബ്ദുൾമജീദ് പങ്കെടുത്തു.