+

ഓണ വിപണിയിൽ ഓൺലൈനിൽ ഓളം സൃഷ്ടിക്കാൻ കുടുംബശ്രീ പോക്കറ്റ് മാർട്ട് സെറ്റായി

ഓണ വിപണിയിൽ ഓൺലൈനിൽ ഓളം സൃഷ്ടിക്കാൻ കുടുംബശ്രീ പോക്കറ്റ് മാർട്ട് സെറ്റായി

കണ്ണൂർ : ഓണ വിപണി  കളറാക്കാനൊരുങ്ങി കുടുംബശ്രീ ഓൺലൈൻ ഉൽപന്ന വിപണന സംവിധാനമായ പോക്കറ്റ് മാർട്ട്. വിരൽതുമ്പിലൂടെ ഇനി മുതൽ കുടുംബശ്രീ സേവനങ്ങളും ഉൽപന്നങ്ങളും വീട്ടുപടിക്കലെത്തും. ഓണത്തോടനുബന്ധിച്ച് ചിപ്സ്, ശർക്കര വരട്ടി, പായസം മിക്സ്, സാമ്പാർ മസാല, മുളക് പൊടി, മല്ലിപ്പൊടി, വെജ് മസാല, മഞ്ഞൾ പൊടി എന്നിവ അടങ്ങിയ 5000 ഗിഫ്റ്റ് ഹാംബറുകളുമായാണ് പോക്കറ്റ് മാർട്ട് എത്തുന്നത്. കുടുംബശ്രീ കണ്ണൂർ, തൃശൂർ കൺസോർഷ്യങ്ങൾ ചേർന്നാണ് ഗിഫ്റ്റ് ഹാംബറുകൾ നൽകുന്നത്. 

എല്ലാ ജില്ലയിലെയും ആവശ്യക്കാർക്ക് പോക്കറ്റ് മാർട്ട് വഴി ഗിഫ്റ്റ് ഹാംമ്പറുകൾ വാങ്ങാം. പോക്കറ്റ് മാർട്ടിലെ ക്വിക്ക് സേർവ് സോഫ്‌റ്റ്വെയറിലേക്ക് സേവനങ്ങളും മറ്റ് വിവരങ്ങളും ചേർത്തുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇത് പൂർത്തിയാക്കുന്നതോടെ ആവശ്യമുള്ള സേവനം, സ്ഥലം, സമയം എന്നിവ തെരഞ്ഞെടുക്കാനും വില നിലവാരം അറിയാനും ആപ്പിലൂടെ സാധിക്കും. 

നിലവിൽ ഓഫ്‌ലൈൻ മോഡിൽ പോക്കറ്റ് മാർട്ട് പ്രവർത്തിക്കുന്നുണ്ട്. പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി സംരംഭകർക്ക് ആവശ്യമായ പെർഫോമൻസ് ഇംപ്രൂവ്മെന്റ് ട്രെയിനിങ്ങ് നൽകിയിട്ടുണ്ട്. വിതരണം നടത്തുന്നതിനും ഓൺലൈൻ ഓർഡർ സ്വീകരിക്കുന്നതിനും വിദഗ്ധ പരിശീലനവും നൽകി വരുന്നുണ്ട്. ഓണത്തോടനുബന്ധിച്ച് പുഷ്പ കൃഷിയും പച്ചക്കറി കൃഷിയും ഓണ ചന്തയും ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് കുടുംബശ്രീ ജില്ലാ മിഷൻ.

Trending :
facebook twitter