മട്ടന്നൂർ : രാജ്യത്തെ ഏറ്റവും വലിയ ശുചിത്വ സർവേയായ സ്വച്ഛ് സർവേക്ഷൻ പ്രകാരം ചരിത്രത്തിലാദ്യമായി കേരളത്തിലെ ഒരു നഗരസഭക്ക് ശുചിത്വത്തിനു ദേശീയ അംഗീകാരം. മട്ടന്നൂർ നഗരസഭയാണ് പ്രത്യേക വിഭാഗത്തിൽ ''പ്രോമിസിംഗ് സ്വച്ഛ് ശഹർ'' അവാർഡിന് അർഹമായത്.
ന്യൂഡൽഹി വിജ്ഞാൻ ഭവനിൽ നടന്ന ചടങ്ങിൽ കേന്ദ്ര പാർപ്പിട-നഗരകാര്യ മന്ത്രി മനോഹർലാൽ ഖട്ടറിൽ നിന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്, മട്ടന്നൂർ നഗരസഭാ ചെയർപേഴ്സൺ എൻ. ഷാജിത്ത്, എൽഎസ്ജിഡി അഡീഷണൽ ചീഫ് സെക്രട്ടറി പുനീത് കുമാർ, തദ്ദേശ സ്വയം ഭരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ടി.വി അനുപമ, ശുചിത്വമിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ യു.വി ജോസ്, എൽഎസ്ജിഡി ജോയിന്റ് ഡയറക്ടർ മുഹമ്മദ് ഹുവൈസ് എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.
മാലിന്യ സംസ്‌കരണരംഗത്ത് നടത്തിയ ഫലപ്രദമായ മാറ്റങ്ങളാണ് മട്ടന്നൂർ നഗരസഭയ്ക്ക് പ്രത്യേക അംഗീകാരം ലഭിക്കാൻ ഇടയാക്കിയത്. അജൈവ മാലിന്യശേഖരണം, സംഭരണം, സംസ്‌കരണം എന്നിവ 100 ശതമാനത്തിൽ എത്തിക്കാൻ മട്ടന്നൂർ നഗരസഭയ്ക്ക് കഴിഞ്ഞു. ഖരമാലിന്യ ശേഖരണ സംവിധാനങ്ങൾ, ദ്രവമാലിന്യ പരിപാലന സംവിധാനങ്ങൾ, ചിക്കൻ വേസ്റ്റ് റെണ്ടറിംഗ് പ്ലാന്റ്, സാനിറ്ററി മാലിന്യ സംസ്‌കരണം, ബയോ മെഡിക്കൽ മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ, വേസ്റ്റ് ടു ആർട്ട്, വണ്ടർ പാർക്കുകൾ, ഐഇസി ബോധവൽകരണം, ആർആർആർ സെന്ററുകൾ, ഗ്രീൻ പ്രൊട്ടോക്കോൾ പാലിച്ചുള്ള പരിപാടികൾ, ജല സ്രോതസ്സുകളുടെ പരിപാലനം എന്നീ പ്രവർത്തനങ്ങളും മട്ടന്നൂരിനെ മികവിന്റെ കേന്ദ്രമാക്കി. പിപിപി മാതൃകയിൽ പ്രവർത്തിക്കുന്ന 40 ടിപിഡി ചിക്കൻ റെൻഡറിംഗ് പ്ലാന്റിന്റെ സംസ്‌കരണ രീതികളും മട്ടന്നുരിന്റെ ശ്രദ്ധേയമായ നേട്ടത്തിന് വഴിതെളിയിച്ചുവെന്ന് ചെയർമാൻ ഷാജിത്ത് മാസ്റ്റർ പറഞ്ഞു.