കോഴിക്കോട് : ശക്തമായി തുടരുന്ന കാറ്റിലും മഴയിലും ജില്ലയില്‍ വ്യാപക നാശനഷ്ടം. വിവിധ താലൂക്കുകളിലായി നിരവധി വീടുകള്‍ തകര്‍ന്നു. കോഴിക്കോട് താലൂക്കില്‍ രണ്ടു വീടുകള്‍ പൂര്‍ണമായും ഏഴ് വീടുകള്‍ ഭാഗികമായും തകര്‍ന്നു. പുതിയങ്ങാടി വില്ലേജില്‍ പറയേടത്തു ഷൈനി, മടവൂര്‍ വില്ലേജിലെ ഷാഫി ചെമ്പറ്റ ചെരുവില്‍, എം സി ജമാല്‍, കൊടിയത്തൂര്‍ വില്ലേജിലെ കൃഷ്ണന് പള്ളിയാലില്‍, പെരുമണ്ണ വില്ലേജിലെ പുളിക്കല്‍താഴം ഷഹദ്, മേപ്പിലാട്ട് വിശ്വന്, നീലേശ്വരം വില്ലേജിലെ രമണി, ചെലവൂര്‍ വില്ലേജിലെ ഇയ്യക്കാട്ടില്‍ സൈതലവി എന്നിവരുടെ വീടുകള്‍ക്കാണ് നാശം സംഭവിച്ചത്. പുതിയങ്ങാടി വില്ലേജില്‍ കടല്‍ക്ഷോഭം രൂക്ഷമാണ്. പെരുമണ്ണ വില്ലേജിലെ പുളിക്കല്‍താഴം വിരുപ്പില്‍ കുനിപ്പുറത്ത് ഉമൈബ ഷബീറിന്റെ വീട്ടിലേക്ക് സമീപത്തെ പറമ്പില്‍നിന്ന് മണ്ണിടിഞ്ഞു വീണു. വീടിന് ഭീഷണിയുള്ളതിനാല്‍ ബന്ധുവീടുകളിലേക്ക് മാറിത്താമസിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്കി.
വടകര താലൂക്കിലെ 22 വീടുകള്‍ ഭാഗികമായി തകര്‍ന്നു. തൂണേരി വില്ലേജിലെ കോടഞ്ചേരി മാരാംവീട്ടില്‍ ജാനുവിന്റെ വീടിനോട് ചേര്‍ന്ന കിണര്‍ ഇടിഞ്ഞു. പുലര്‍ച്ചെ വീശിയ ശക്തമായ കാറ്റില്‍ വിലങ്ങാട് മരങ്ങള്‍ കടപുഴകി വീണു. വിലങ്ങാട് പാനോം റോഡില്‍ ഗതാഗത തടസ്സവുമുണ്ടായി. അഗ്നിരക്ഷാ സേന മരങ്ങള്‍ മുറിച്ചുമാറ്റി. വിലങ്ങാട് ചൂരപ്പൊയ്കയില്‍ വി ഡി ജോബിയുടെ വീടിന് മുകളില്‍ തെങ്ങ് വീണു. വിലങ്ങാട് താനിയുള്ള പറമ്പത്ത് കുമാരന്റെ വീടിന് മുകളിലും മരം വീണ് നാശനഷ്ടമുണ്ടായി.
താമരശ്ശേരി താലൂക്കിലെ കാട്ടിപ്പാറ വില്ലേജില്‍ മന്നാടി ഏറ്റുമലയില് മണ്ണിടിച്ചിലിനെ തുടര്‍ന്ന് സമീപത്തെ 21 കുടുംബങ്ങള്‍ ബന്ധുവീടുകളിലേക്ക് മാറി. കെടവൂര്‍ വില്ലേജില്‍ പുതിയപറമ്പത്ത് രാജേഷ്, പള്ളിപ്പറമ്പത്തില്ലത്ത് സുഭദ്ര അന്തര്‍ജനം, കൂടത്തായി വില്ലേജില്‍ ബിജു അമ്പാട്ട്, ഈങ്ങാപ്പുഴ വില്ലേജില്‍ പാറശ്ശേരി കോളനിയില്‍ ചന്ദ്രന് എന്നിവരുടെ വീടുകള്‍ മരങ്ങള്‍ വീണ് ഭാഗികമായി തകര്‍ന്നു.
ശനിയാഴ്ച രാവിലെയുണ്ടായ ശക്തമായ കാറ്റില്‍ ബേപ്പൂരില്‍ തോണി മറിഞ്ഞു. ഇതിലുണ്ടായിരുന്ന മൂന്ന് മത്സ്യത്തൊഴിലാളികളെ രക്ഷിച്ച് പ്രാഥമിക ചികിത്സക്കായി കോഴിക്കോട് ബീച്ച് ആശുപത്രിയിലേക്ക് മാറ്റി.