തോന്നും പോലെ പാർക്കിങ്: ഗതാഗത കുരുക്കിൽ ഞെരുങ്ങി അഞ്ചരക്കണ്ടി ടൗൺ

11:00 AM Jul 30, 2025 | AVANI MV

അഞ്ചരക്കണ്ടി : അഞ്ചരക്കണ്ടി ടൗണിൽ നടുറോഡിൽ ബസുകൾ യാത്രക്കാരെ ഇറക്കുന്നതിനും കയറ്റുന്നതിനുമായി ഏറെ നേരം നിർത്തിയിടുന്നത് ഗതാഗത കുരുക്കിന് ഇടയാക്കുന്നു. ഇതു കാരണം ചെറു വാഹനങ്ങൾ ഏറെ നേരം പുറകിലായി നിർത്തിയിടേണ്ട സാഹചര്യമാണുള്ളത്. 

മട്ടന്നൂർ - കണ്ണൂർ റോഡിൽ പള്ളിക്ക് മുൻവശമാണ് കെ.എസ്.ആർ.ടി.സി ബസുകൾ ഉൾപെടെ നിർത്തിയിടുന്നത്. ചാലോട് റോഡിലേക്ക് പോകുന്ന ബസുകൾ ജങ്ഷനു സമീപമാണ് നിർത്തിയിടുന്നത്. സിഗ്നൽ ലൈറ്റോ മറ്റു ക്രമീകരണങ്ങളോയില്ലാത്തതിനാൽ രാത്രികാലങ്ങളിൽ അഞ്ചരകണ്ടി ജങ്ഷനിൽ ചെറുതും വലുതുമായ വാഹനാപകടങ്ങൾ സംഭവിക്കാറുണ്ട്. റോഡരികിൽ നടപ്പാതയില്ലാത്തതിനാൽ ബസ് സ്റ്റാൻഡിലേക്ക് പോകുന്ന വഴി യാത്രക്കാരും അപകട ഭീഷണിയിലാണ്.