+

കണ്ടക്ടറെ മർദ്ദിച്ച സംഭവം: തലശേരി - തൊട്ടിൽപ്പാലം റൂട്ടിൽ ബസ് പണിമുടക്ക് നടത്തി

സ്വകാര്യ ബസ് കണ്ടക്ടറെ ബസിൻ കയറി മർദ്ദിച്ച സംഭവത്തിൽ തലശേരി - തൊട്ടിൽപ്പാലം റൂട്ടിൽ സ്വകാര്യ ബസുകൾ പണിമുടക്ക് നടത്തി.

പെരിങ്ങത്തൂർ : സ്വകാര്യ ബസ് കണ്ടക്ടറെ ബസിൻ കയറി മർദ്ദിച്ച സംഭവത്തിൽ തലശേരി - തൊട്ടിൽപ്പാലം റൂട്ടിൽ സ്വകാര്യ ബസുകൾ പണിമുടക്ക് നടത്തി. ഇന്ന് രാവിലെ മുതലാണ് പണിമുടക്ക് നടത്തിയത്. ഇതുകാരണം വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർ യാത്രാ സൗകര്യമില്ലാതെവലഞ്ഞു. കഴിഞ്ഞ ദിവസമാണ് സ്വകാര്യബസിൽ വെച്ച് കണ്ടക്ടർക്ക് ക്രൂര മർദ്ധനമേറ്റത്. തലശേരി - തൊട്ടിൽപ്പാലം റൂട്ടിൽ സർവീസ് നടത്തുന്ന കെ.എൽ 58 ഡബ്ള്യൂ 25 29 നമ്പർ ജഗന്നാഥ് ബസിലെ കണ്ടക്ടർ ഇരിങ്ങണ്ണൂർ സ്വദേശി വിഷ്ണുവി (28)നാണ് മർദ്ദനമേറ്റത്. പെരിങ്ങത്തൂരിൽ വെച്ചാണ് മർദ്ധനം നടന്നത്.

ബസിൽ കയറിയ വിദ്യാർത്ഥിനിക്ക് പാസില്ലാത്തതിനാൽ ഫുൾ ചാർജ് ഈടാക്കിയതിനാണ് കണ്ടക്ടറെ മർദ്ദിച്ചതെന്നാണ് ബസ് ജീവനക്കാർ പറയുന്നത്. വിദ്യാർത്ഥിനിയെ ഇറക്കിവിട്ടെന്നും, തള്ളിയിട്ടെന്നും ആരോപിച്ച് വിദ്യാർത്ഥിനിയുടെ ഭർത്താവടക്കമുള്ള ബന്ധുക്കൾ മർദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. 

എന്നാൽ ഇത്തരത്തിൽ പരാതി ഉയർന്നപ്പോൾ തന്നെ ബസിലെ ദൃശ്യങ്ങളടക്കം കാണിച്ച് സത്യാവസ്ഥ ബന്ധുക്കളെ അറിയിച്ചിരുന്നതായും, വിദ്യാർത്ഥിയിൽ നിന്നും ഫുൾ ചാർജ് ഈടാക്കുക മാത്രമാണ് ചെയ്തതെന്നും ബസ് ജീവനക്കാർ വ്യക്തമാക്കിയിരുന്ന '.ബസിൽ കുട്ടികളടക്കമുള്ള സ്ത്രീയാത്രക്കാർ ഉള്ളപ്പോഴാണ് കണ്ടക്ടറെ ആക്രമിക്കുന്നത്. മർദ്ദനം കണ്ട് ഇവർ നിലവിളിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. അക്രമത്തിൽ പരിക്കേറ്റ വിഷ്ണുവിനെ തലശേരി സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ചൊക്ലി പൊലീസിൽ ജീവനക്കാർ പരാതി നൽകിയെങ്കിലും പ്രതികളെ അറസ്റ്റുചെയ്തില്ലെന്ന് ആരോപിച്ചാണ് പണിമുടക്ക് തുടങ്ങിയത്.

facebook twitter