പയ്യന്നൂർ : എം. നാരായണൻ കുട്ടിയുടെ വിയോഗം പയ്യന്നൂരിലെ കോൺഗ്രസിന് കനത്ത നഷ്ടമായി മാറി. കെ. എസ്. യു മുതൽ കെ.പി.സി.സി എക്സിക്യുട്ടീവ് അംഗം വരെയുള്ള അദ്ദേഹത്തിൻ്റെ രാഷ്ട്രീയ ജീവിതം ഏറെ സഹനങ്ങൾ നിറഞ്ഞതായിരുന്നു. പയ്യന്നൂർ കോളേജിൽ കെ എസ്.യു പ്രവർത്തകനായാണ് പൊതു പ്രവർത്തനം തുടങ്ങിയത്. പിന്നീട് കണ്ണൂർ ജില്ലാ ഭാരവാഹിയായി ഉയർന്നു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ്, സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങളും വഹിച്ചു.
പയ്യന്നൂർ കോ-ഓപ്പറേറ്റീവ് സ്റ്റോറിൽ ജോലിക്ക് കയറിയെങ്കിലും തുടർ പഠനത്തിനായി ഉപേക്ഷിച്ചു 1969 ൽ കോൺഗ്രസിൽ പിളർപ്പുണ്ടായപ്പോൾ ഇന്ദിരാഗാന്ധിയോടൊപ്പം ഉറച്ചുനിന്നു. കണ്ണൂർ ജില്ലയിൽ ഇന്ദിരാ ഗാന്ധി പക്ഷക്കാരായ കെ പി കുഞ്ഞിക്കണ്ണനും നാരായണൻ കുട്ടിയും സംസ്ഥാന തലത്തിൽ തന്നെ യൂത്ത് കോൺഗ്രസിന് ശക്തി പകർന്നു. പിളർപ്പ് ബാധിക്കാതെ പയ്യന്നൂരിൽ പാർട്ടി കെട്ടിപടുത്ത നേതാക്കളിലൊരാളായിരുന്നു അദ്ദേഹം 'മികച്ച സഹകാരിയായ നാരായണൻ കുട്ടി പയ്യന്നൂർ കോ ഓപ്പറേറ്റീവ് സൊസെറ്റി സ്ഥാപകനായിരുന്നു. പയ്യന്നൂർ കോ ഓപ്പറേറ്റീവ് സ്റ്റോർ, പയ്യന്നൂർ ടൗൺ ബാക് , 'പയ്യന്നൂർ സർവീസ് സഹകരണ ബാങ്ക് എന്നിവയുടെ വളർച്ചയ്ക്ക് മുൻനിരയിൽ പ്രവർത്തിച്ചു.
കെ.പി.സി.സി എക്സിക്യുട്ടീവ് കമ്മിറ്റി അംഗമായി സംസ്ഥാന തലത്തിലും നിറഞ്ഞുനിന്നു. പയ്യന്നൂരിൽ രാഷ്ട്രീയ എതിരാളികളാൽ നിരന്തരം അക്രമിക്കപ്പെട്ട നേതാവായിരുന്നു അദ്ദേഹം. നിർമ്മാണം നടക്കുന്ന വീട് തകർക്കപ്പെട്ടു. കശുവണ്ടി ബന്ദിൻ്റെ പ്രചരണാർത്ഥം ജാഥ നടത്തുമ്പോൾ മുൻനിരയിൽ നിന്നും പി. ബാലൻ മാസ്റ്റർ ക്കൊപ്പം അക്രമിക്കപ്പെട്ടു പരുക്കേറ്റു ആശുപത്രിയിലായി. ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലത്ത് കാർഷിക കടാശ്വാസ കമ്മീഷൻ അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. ജില്ലാ സഹകരണ ബാങ്കിൻ്റെ പ്രവർത്തനങ്ങളിൽ സജീവമായി ഇടപ്പെട്ട നേതാവു കൂടിയായിരുന്നു അദ്ദേഹം.