കണ്ണൂർ: സ്വകാര്യ സ്ഥാപനത്തിൽ ഒരുമിച്ച് ജോലി ചെയ്തത സൗഹൃദം ചൂഷണം ചെയ്ത് ഗൾഫ് കാരന്റെ ഭാര്യയുടെ നാൽപ്പത് പവനോളം സ്വർണ്ണം തട്ടിയെടുത്തതായി പരാതി.കണ്ണൂർ സിറ്റി ആറാട്ടുകപ്പള്ളി നടുവിലെ പ്പുരയിൽ എൻ.പി. ഇസ്നാസിനെതിരെ കല്യാശേരി സ്വദേശിയായ യുവതിയുടെ മാതാവാണ് പൊലീസ് കമ്മീഷണർക്കും കണ്ണൂർ വനിതാ പൊലീസ് സ്റ്റേഷനിലും പരാതി നൽകിയത്. പൊലീസ് കേസെടുത്തു.
യുവതിക്ക് നാല് വയസ്സുള്ള മകനുണ്ട്. കരിവെള്ളൂർ സ്വദേശിയായ ഭർത്താവ് ഗൾഫിലാണ്. ഇസ്നാസിന് ഭാര്യയും രണ്ട് മക്കളുമുണ്ട്. നാലു വർഷം മുമ്പ് തളിപ്പറമ്പിനടുത്ത് ഒരു സ്ഥാപനത്തിൽ ജോലി ചെയ്യവെയാണ് ഇരുവരും പരിചയപ്പെട്ടത്. ഈ സുഹൃദം അതിര് വിട്ടതോടെ ഭർത്താവും വീട്ടുകാരും അറിഞ്ഞു. പിന്നെ കുടുംബ വഴക്കായി.
ഇതിനിടയിൽ, ബാങ്ക് ലോക്കറിൽ സൂക്ഷിച്ച യുവതിയുടെ നാൽപത് പവൻ ആഭരണങ്ങൾ ഇസ്നാസ് കൈക്കലാക്കി. തളിപ്പറമ്പിനടുത്ത സ്ഥാപനത്തിലെ ജോലി വിട്ട ശേഷം ഹൈദരാബാദിൽ ഐ.ടി.കമ്പനിയിൽ ജോലി കിട്ടിയെന്നും പുതിയ ബിസിനസ് തുടങ്ങാനെന്ന പേരിലാണ് സ്വർണ്ണം കൈക്കലാക്കിയത്.
എന്നാൽ, ഇയാൾക്ക് പ്രത്യേക ജോലിയൊന്നും ഇല്ലെന്ന് പിന്നീട് മനസ്സിലായി.ഇസ്നാസ് മകളെ വശീകരിച്ച് തട്ടിയെടുക്കാൻ ശ്രമിക്കുന്നുവെന്ന് കാണിച്ച് യുവതിയുടെ അമ്മ രണ്ട് ദിവസം മുമ്പ് പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്നാണ് ബാങ്ക് ലോക്കറിൽ സൂക്ഷിച്ച സ്വർണ്ണം തട്ടിയെടുത്തതായി യുവതി വെളിപ്പെടുത്തിയത്. ഇക്കാര്യം കാണിച്ച് വീട്ടുകാർ വീണ്ടും പരാതി നൽകി.