കണ്ണൂർ: ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് (ഐ എ പി) യുടെ നേതൃത്വത്തിലുള്ള ലോക മുലയൂട്ടൽ വാരാചരണ പരിപാടികൾക്ക് കണ്ണൂരിൽ തുടക്കമായി. ഐ എ പി ജനറൽ സെക്രട്ടറി ഡോ ആര്യാദേവി പരിപാടികൾ ഉദ്ഘാടനം ചെയ്തു. കുഞ്ഞുങ്ങളിൽ മുലയൂട്ടലിന്റെ പ്രാധാന്യം വ്യക്തമാക്കാനായി അന്താരാഷ്ട്രതലത്തിൽ ഓഗസ്റ്റ് ആദ്യവാരം ലോക മുലയൂട്ടൽ ദിനമായി ആചരിച്ചുവരുന്നുണ്ട്.
ശിശുരോഗ വിദഗ്ധരുടെ സംഘടനയായ ഐ എ പി യുടെ ആഭിമുഖ്യത്തിൽ ബോധവൽക്കരണം, ലഘുലേഖ വിതരണം, മുലയൂട്ടൽ പ്രോത്സാഹന പരിപാടികൾ, സെമിനാറുകൾ എന്നിവ സംഘടിപ്പിച്ചു വരുന്നുണ്ട്. കണ്ണൂരിൽ നടന്ന ചടങ്ങിൽ ഐ എ പി മുൻ പ്രസിഡണ്ട് ഡോ പത്മനാഭഷേണായി അധ്യക്ഷനായി. ഐ എ പി എക്സിക്യൂട്ടീവ് ഡോ സുൽഫിക്കർ അലി മുഖ്യപ്രഭാഷണം നടത്തി.
മുലയൂട്ടൽ പ്രോത്സാഹിപ്പിക്കുന്നത് ഭാവിയിലേക്കുള്ള നിക്ഷേപമാണ് എന്ന സന്ദേശമാണ് ലോക മുലയൂട്ടൽ വാരാചരണം ലക്ഷ്യമിടുന്നത്. ഐ എ പി യുടെ നേതൃത്വത്തിൽ വിവിധ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോട് ബന്ധപ്പെട്ടും വിവിധ പരിപാടികൾ നടത്തുന്നുണ്ട്. വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന പരിപാടികൾക്ക് ഡോ അജിത് സുഭാഷ്, ഡോ കെ സി രാജീവൻ, ഡോ എംകെ നന്ദകുമാർ, ഡോ അജിത്ത് മേനോൻ, ഡോ അരുൺ അഭിലാഷ്, ഡോ പ്രശാന്ത് എന്നിവർ നേതൃത്വം നൽകി.