
കൊച്ചി: ഛത്തീസ്ഗഢില്‍വെച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതിരോധത്തിലായത് കേരളത്തിലെ ബിജെപി നേതൃത്വം. ക്രിസ്ത്യന്‍ സഭകളുമായി അടുപ്പമുണ്ടാക്കി കേരളത്തില്‍ മുന്നേറ്റമുണ്ടാക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഉണ്ടായ സംഭവം ബിജെപിക്ക് കനത്ത തിരിച്ചടിയായി.
ജൂലൈ 25-ന് ഛത്തീസ്ഗഢിലെ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് സിസ്റ്റര്‍ പ്രീതി മേരി, സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ് എന്നിവരെ മനുഷ്യക്കടത്ത്, നിര്‍ബന്ധിത മതപരിവര്‍ത്തനം എന്നിവ ആരോപിച്ച് അറസ്റ്റ് ചെയ്തത്. സംഭവം കേരളത്തില്‍ വലിയ രാഷ്ട്രീയ വിവാദമായി മാറുകയും ക്രിസ്ത്യന്‍ സഭകള്‍ ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തു.
ബിജെപി ഭരിക്കുന്ന ഛത്തീസ്ഗഢിലെ ഭരണകക്ഷിയുടെ നിലപാടുകളും കേരളത്തിലെ ബിജെപിയുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങളും തമ്മില്‍ വൈരുദ്ധ്യമുണ്ട്. കേരളത്തില്‍ 19 ശതമാനം വരുന്ന ക്രിസ്ത്യന്‍ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്ന ബിജെപിക്ക് ഈ സംഭവം വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
മൂന്ന് ആദിവാസി പെണ്‍കുട്ടികളെ ആഗ്രയിലേക്ക് ജോലിക്കായി കൊണ്ടുപോകുന്നതിനിടെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനും മനുഷ്യക്കടത്തിനും ശ്രമിച്ചെന്ന് ആരോപിച്ചാണ് ബജ്റംഗ് ദള്‍ പ്രവര്‍ത്തകര്‍ ഇവരെ തടഞ്ഞുവെച്ചതും കൈയ്യേറ്റം ചെയ്തതും. എന്നാല്‍, പെണ്‍കുട്ടികളുടെ കുടുംബങ്ങള്‍ ഇത് നിഷേധിച്ച് രംഗത്തെത്തിയിരുന്നു. കുട്ടികള്‍ സ്വന്തം ഇഷ്ടപ്രകാരം നഴ്‌സിംഗ് പരിശീലനത്തിനായി പോയതാണെന്നും ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും അവര്‍ വ്യക്തമാക്കി.
ഛത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായ്, ആദിവാസി പെണ്‍കുട്ടികളെ തെറ്റിദ്ധരിപ്പിച്ച് കൊണ്ടുപോകാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് അറസ്റ്റിനെ ന്യായീകരിച്ചു. എന്നാല്‍, കേരളത്തിലെ ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖര്‍ ഈ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞു. ബജ്റംഗ് ദള്‍ പ്രവര്‍ത്തകര്‍ നിയമം കൈയിലെടുത്തതിനെ വിമര്‍ശിച്ച അദ്ദേഹം, കന്യാസ്ത്രീകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു.
കേരളത്തില്‍ 2026-ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, ബിജെപി ക്രിസ്ത്യന്‍ സമുദായത്തെ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍, ഇപ്പോഴത്തെ സംഭവം അവരുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. കോണ്‍ഗ്രസും ഇടതുപക്ഷവും വിഷയത്തില്‍ ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി.
ഛത്തീസ്ഗഢിലെ ബിജെപി, ആദിവാസി വോട്ടര്‍മാരെ ലക്ഷ്യമിട്ട് മതപരിവര്‍ത്തന വിരുദ്ധ നിലപാട് ശക്തമാക്കുമ്പോള്‍, കേരളത്തിലെ ബിജെപി ക്രിസ്ത്യന്‍ സമുദായത്തെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്.ത്തീസ്ഗഢിലുണ്ടായ സംഭവത്തോടെ ബിജെപിക്ക് ക്രിസ്ത്യന്‍ സമുദായവുമായി ഇനി അടുക്കുക എളുപ്പമല്ല. സുരേഷ് ഗോപിയെ പോലുള്ള നേതാക്കളെ രംഗത്തിറക്കി ഇപ്പോഴത്തെ പ്രതിസന്ധിയില്‍നിന്നും കരകയറാനാണ് ബിജെപിയുടെ ശ്രമം. വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും ബിജെപിയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. സഭാ നേതൃത്വത്തിലുള്ളവര്‍ക്ക് സീറ്റുകള്‍ നല്‍കിയും സഹകരിപ്പിച്ചും അടുപ്പമുണ്ടാക്കാനാകും ഇനി ബിജെപിയുടെ ശ്രമങ്ങളെല്ലാം.