തളിപ്പറമ്പ്: കുടുംബത്തോടൊപ്പം ക്ഷേത്ര ദർശനത്തിനെത്തിയ ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ ഓട്ടോറിക്ഷ ഡ്രൈവറെ പോക്‌സോ പ്രകാരം അറസ്റ്റ് ചെയ്തു. തളിപ്പറമ്പ് പോക്സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
മാതമംഗലത്തെ ഓട്ടോറിക്ഷ ഡ്രൈവര്‍ കോറോം കാനായി പരവന്തട്ട സ്വദേശി അനീഷ് കുമാര്‍(42)നെയാണ് തളിപ്പറമ്പ് എസ്.എച്ച്.ഒ പി.ബാബുമോന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ജൂണ്‍ നാലിനാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയുടെ മാതാവുമായി അനീഷ് സോഷ്യല്‍മീഡിയ വഴി പരിചയത്തിലായിരുന്നു.
തുടര്‍ന്ന് അനീഷും പെണ്‍കുട്ടികളുടെ മാതാവായ യുവതിയും മൂന്ന് മക്കള്‍ക്കൊപ്പം പറശിനിക്കടവ് മടപ്പുരയിൽ എത്തിയതായിരുന്നു. പ്ലസ്ടു വിദ്യാര്‍ത്ഥിനി, ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി, ഇളയ കുട്ടി എന്നിവര്‍ക്കൊപ്പം എത്തിയ മാതാവ് അനീഷിനൊപ്പം പറശിനിക്കടവിലെ ലോഡ്ജില്‍ മുറിയെടുത്ത് താമസിച്ചു.
നാലാം തീയതി പുലര്‍ച്ചെ രണ്ട് മണിയോടെ ഒമ്പതാം ക്ലാസുകാരിയായ 14 കാരിയെ അനീഷ് പീഡിപ്പിക്കുകയായിരുന്നു. ഇത് മൂത്തകുട്ടി കാണുകയും അമ്മയോട് വിവരം പറയുകയും ചെയ്തിരുന്നു.എന്നാല്‍ കുട്ടിയുടെ ഭാവിയും കുടുംബത്തിന്റെ മാനക്കേടുമോര്‍ത്ത് അമ്മ വിവരം മൂടിവെക്കുകയായിരുന്നു.
മേല്‍പ്പറമ്പ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു സ്‌കൂളില്‍ പഠിക്കുന്ന കുട്ടി വിവരം അധ്യാപികയോട് പറയുകയും കൗണ്‍സിലിംഗ് നടത്തിയശേഷം ചൈല്‍ഡ ലൈന്‍ അധികൃതരെ വിവരം അറിയിക്കുകയുമായിരുന്നു.
ചൈല്‍ഡ് ലൈന്‍ അധികൃതര്‍ നല്‍കിയ പരാതിയിലാണ് മേല്‍പ്പറമ്പ് പോലീസ് കേസെടുത്തത്. എന്നാല്‍ സംഭവം നടന്നത് തളിപ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലായതിനാല്‍ കേസ് ഇവിടേക്ക് മാറ്റുകയായിരുന്നു. തിങ്കളാഴ്ച്ച രാവിലെ മാതമംഗലത്തുവെച്ചാണ് അനീഷിനെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്യുകയായിരുന്നു.