പെരുമ്പാവൂർ: നാളികേരത്തിനും വെളിച്ചെണ്ണയ്ക്കും അനുദിനം വിലവർധിച്ചുകൊണ്ടിരിയ്ക്കുമ്പോൾ തെങ്ങുകൃഷിയിലേയ്ക്ക് വീണ്ടും തിരിച്ചുവരുന്നവരുടെ എണ്ണത്തിൽ വർദ്ധനയുണ്ടായിട്ടുണ്ട്.ഈയവസരത്തിൽ തെങ്ങുകൃഷിയെ സാരമായി ബാധിക്കുന്ന ചെല്ലികളുടെ ആക്രമണം കേരകർഷകർക്ക് വൻ പ്രതിസന്ധിയാകുകയാണ്.
പരമ്പരാഗത നാടൻ ഇനങ്ങളും കുള്ളൻ, കുറ്റ്യാടി, ഹൈബ്രിഡ് ഇനങ്ങളും കർഷകർ ധാരാളമായി കൃഷിചെയ്യുന്നുണ്ട്. ചെല്ലി
എന്ന ഉപദ്രവകീടത്തിന്റെ ആക്രമണമുണ്ടാകാത്ത ഇനം തെങ്ങിൻതൈകൾ എന്ന പേരിൽ വില്പന നടത്തി സ്വകാര്യ അഗ്രികൾച്ചർ നഴ്സറികളിൽ വ്യാപകമായി കച്ചവടചൂഷണവും നടക്കുന്നുണ്ട്.
വണ്ട് കുടുംബത്തിലെ ഒരിനം പറക്കുവാൻ കഴിവുള്ള ഷഡ്പദമാണ് ചെല്ലി. തെങ്ങിനെ വളരെയധികം ഉപദ്രവിക്കുന്ന ഒരു കീടമാണിത്.
പ്രായമെത്തിയ വണ്ട്, ഓലകളുടെ ഇടയിലൂടെ അഗ്രഭാഗം തുറന്നു കയറി വിടരാത്ത കൂമ്പോലകളെയും ചൊട്ടകളേയും തിന്ന് നശിപ്പിക്കുന്നു. ആക്രമണവിധേയമായ ഓലകൾ വിടരുമ്പോൾ അവ അരികിൽനിന്ന് മദ്ധ്യഭാഗത്തേയ്ക്ക് നേരെ വെട്ടിമുറിച്ചരീതിയിൽ കാണപ്പെടുന്നതാണ് ഇതിന്റെ ലക്ഷണം.
ഇളംകൂമ്പിനെ ആക്രമിക്കുന്നതു കാരണം പൂങ്കുലകൾ നശീപ്പിക്കപ്പെടുകയും തേങ്ങയുടെ ഉൽപാദനം കുറയുകയും ചെയ്യുന്നു. ചെല്ലിക്കോലുപയോഗിച്ച് തെങ്ങിന്റെ മണ്ടയിൽ നിന്ന് വണ്ടിനെ കുത്തിയെടുത്ത് നശിപ്പിച്ചുകളയുന്ന രീതി കർഷകർ പണ്ടുമുതലെ ചെയ്യുന്നതാണ്.
വീര്യമേറിയ രാസകീടനാശിനികളുപയോഗിച്ചിട്ടും ഇവയെ ഒരുപരിധിവരെയേ നിയന്ത്രിക്കാനാകുന്നുള്ളൂ. തെങ്ങിന്റെ കൂമ്പു ഭാഗങ്ങളെയും ഇളം ഓലകളെയും തിന്നു നശിപ്പിക്കുന്ന ചുവന്ന നിറത്തിലുള്ള ചെമ്പൻ ചെല്ലികൾ വ്യപകമാകുകയാണ് കൂവപ്പടി പ്രദേശങ്ങളിൽ. തെങ്ങിന്റെ വളർച്ചയെ പ്രതികൂലമായി ബാധിച്ച് വിളവ് കുറയുന്ന അവസ്ഥയാണിപ്പോഴുള്ളത്. ഒരു തെങ്ങിൽ നിന്നും ശരാശരി പത്തും എൺപതും ചെല്ലികളെ ലഭിക്കാറുണ്ടെന്ന് കർഷകരായ മണി കൈതക്കോടും കെ.കെ. ശാരദക്കുഞ്ഞമ്മയും പറഞ്ഞു. നിലവിലുള്ള നിയന്ത്രണമാർഗ്ഗങ്ങളൊന്നും പര്യാപ്തമല്ല എന്നാണ് ഇവരുടെ അഭിപ്രായം.
ഇതുമൂലം നാമമാത്ര ചെറുകിട കർഷകർ ബുദ്ധിമുട്ടിലായിരിക്കുകയാണ്. ഈ സീസണിലെ ഇടവിട്ടിടവിട്ടുള്ള മഴയും ചെല്ലിനിയന്ത്രണ
മാർഗ്ഗങ്ങൾക്ക് തടസമായതായി ഇവർ പറയുന്നു. കർഷകർക്ക് വേണ്ടത്ര ബോധവത്‌കരനാം നൽകാൻ കൃഷിവകുപ്പ് തയ്യാറാകണം. സൗജന്യകീടനാശിനികൽ അടിയന്തരമായി വിതരണം ചെയ്തില്ലെങ്കിൽ കേരകർഷകർ കൂടുതൽ പ്രതിസന്ധിയിലാകുമെന്നാണ് വിലയിരുത്തൽ.