കണ്ണൂർ: കോടതിയിൽ നിന്ന് ജയിലിലേക്കുള്ള യാത്രക്കിടെ ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളായ കൊടി സുനിയും സംഘവും പൊതു സ്ഥലത്ത് മദ്യപിച്ച സംഭവത്തിൽ പൊലിസ് കേസെടുക്കാൻ സാദ്ധ്യതയേറി. ഇതു സംബന്ധിച്ചു വ്യക്തമായ സൂചന ഡി.ജി.പി രാവഡ ചന്ദ്രശേഖർ മാധ്യമങ്ങൾക്ക് നൽകി.
നേരത്തെ കൊടി സുനിക്കെതിരെകേസെടുക്കാൻ വകുപ്പില്ലെന്നായിരുന്നു തലശേരി ടൗൺ പൊലിസിൻ്റെ നിലപാട്. കൊടി സുനിയും സംഘവും കഴിച്ചത് മദ്യമാണെന്നതിന് തെളിവുകളില്ലെന്നാണ് പൊലീസ് പറയുന്നത്. സംഭവം വിവാദമായ സാഹചര്യത്തിൽ ഇന്ന് ജില്ലയിലെത്തിയഡിജിപി രവാഡ ചന്ദ്രശേഖർ വിളിച്ചു ചേർത്ത ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ ഈ വിഷയം ചർച്ചയായി. ഡി വൈ എസ് പി മുതലുള്ള ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തിരുന്നു.
ഇതിനിടെ അതീവ രഹസ്യമായി നടത്തിയ മദ്യപാനപാർട്ടിയുടെ വിവരങ്ങൾ ചോർത്തി നൽകിയത് കൊടി സുനിയുടെ എതിർ ചേരിയിലുള്ള സംഘമാണെന്നതരത്തിലുള്ള വാർത്തകളും പുറത്തു വരുന്നുണ്ട്.കൊടി സുനി വിരുദ്ധ സംഘം വിവരം നേരിട്ട് മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചതായാണ് വിവരം. ആഭ്യന്തര വകുപ്പ് സംഭവം അതീവ ഗൗരവത്തിലെടുക്കുകയും അന്വഷണം നടത്തുകയുമായിരുന്നു. ഇതേ തുടർന്ന് കൊടി സുനിയെ കോടതിയിലേക്ക് കൊണ്ടു പോയ പൊലീസുകാർക്കെതിരെ നടപടി സ്വീകരിച്ചത്. മദ്യപാന വിഷയം പുറത്തു വന്നതോടെയാണ് പരോളിൽ ഉള്ള കൊടി സുനി എവിടെയാണെന്ന് ആഭ്യന്തര വകുപ്പ് അന്വേഷണം നടത്തിയത്. ഈ അന്വേഷണത്തിലാണ് കൊടി പരോൾ വ്യവസ്ഥ ലംഘിച്ചതായി കണ്ടെത്തിയതും തുടർന്ന് വയനാട് മീനങ്ങാടി സ്റ്റേഷൻ പരിധിയിൽ വച്ച് അറസ്റ്റ് ചെയ്തു ജയിലിലേക്ക് മാറ്റിയതും. ജൂലൈ 21 നാണ് കൊടി സുനിക്ക് 15 ദിവസത്തെ അടിയന്തര പരോൾ അനുവദിച്ചത്. നേരത്തെ, കൊടി സുനി ജയിലിൽ ഫോൺ ഉപയോഗിച്ചതടക്കമുള്ള കാര്യങ്ങൾപുറത്തുവന്നിരുന്നു.