കണ്ണൂർ ജില്ലാ ആശുപത്രി സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്ക് ഉദ്ഘാടനം 11ന് ; സംഘാടക സമിതി രൂപീകരിച്ചു

10:44 PM Aug 06, 2025 | Neha Nair

കണ്ണൂർ : ജില്ലാ ആശുപത്രിയിൽ അത്യാധുനിക സംവിധാനങ്ങളോടെ പുതുതായി നിർമിച്ച സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം ആഗസ്ത് 11 തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ആരോഗ്യ മന്ത്രി വീണ ജോർജ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അടക്കം വിവിധ മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, തദ്ദേശ ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.

   സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം നാടിന്റെ ഉത്സവമാക്കി മാറ്റാൻ ഒരുക്കങ്ങൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി സംഘാടക സമിതി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു. ആശുപത്രിയുടെ മികവും മേന്മയും വെളിപ്പെടുത്തുന്ന റീൽസുകൾ അടക്കം സമൂഹ മാധ്യമ പ്രചാരണം, വിളംബര ജാഥ, കലാപരിപാടികൾ തുങ്ങി വിവിധ പരിപാടികൾ സംഘടിപ്പിക്കാൻ സംഘാടക സമിതി യോഗത്തിൽ ആലോചന നടന്നു.
വെള്ളിയാഴ്ച ഉച്ചക്ക് 12ന് ജില്ലാ ആശുപത്രി പരിസരത്ത് നിന്ന് റെയിൽവേ സ്റ്റേഷൻ പരിസരത്തേക്ക് വിളംബര ജാഥ നടത്തും.

 പരിപാടികളുടെ നടത്തിപ്പിനായി വിവിധ സബ് കമ്മറ്റികളും യോഗത്തിൽ രൂപീകരിച്ചു.
   സംഘാടക സമിതി രൂപീകരണ യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കെ.കെ.രത്‌നകുമാരി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ, എഡിഎം കലാഭാസ്‌കർ, ഡിഎംഒ ഡോ. എം.പിയൂഷ്, ഡിപിഎം ഡോ. അനിൽ കുമാർ, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. എം.കെ.ഷാജ്, ഡപ്യൂട്ടി സൂപ്രണ്ട് ഡോ. ഗ്രിഫിൻ സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.

  സംഘാടക സമിതി ഭാരവാഹികളായി മന്ത്രി രാമചന്ദൻ കടന്നപ്പള്ളി (രക്ഷാധികാരി), ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കെ.കെ.രത്‌നകുമാരി (ചെയർപെഴ്‌സൺ), ജില്ലാ കളക്ടർ അരുൺ കെ.വിജയൻ, ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ, ഡിഎംഒ ഡോ. എം.പിയൂഷ് (വൈസ് ചെയർപെഴ്‌സൺമാർ), ആശുപത്രി സൂപ്രണ്ട് ഡോ. എം.കെ.ഷാജ് (കൺവീനർ), ഡിപിഎം ഡോ. അനിൽ കുമാർ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടൈനി സൂസൺ (ജോ. കൺവീനർമാർ) എന്നിവരെ തെരഞ്ഞെടുത്തു.

   വിവിധ സബ് കമ്മറ്റി ഭാരവാഹികളായി ഇനി പറയുന്നവരെ തിരഞ്ഞെടുത്തു. സ്റ്റേജ് ആൻഡ് ഡക്കറേഷൻ- ജില്ലാ പഞ്ചായത്ത് അംഗം കെ.വി.ബിജു (ചെയർമാൻ), ഡോ. ഗ്രിഫിൻ സുരേന്ദ്രൻ (കൺവീനർ), സ്വീകരണം- മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ടി.സരള (ചെയർപഴ്‌സൺ), നഴ്‌സിംങ് സൂപ്രണ്ട് എ.കെ.തനൂജ (കൺവീനർ), റിഫ്രഷ്‌മെന്റ്- ജില്ലാ പഞ്ചായത്തംഗം എൻ.വി.ശ്രീജിനി (ചെയർപെഴ്‌സൺ), ആർഎംഒ ഡോ. സുമിൻ മോഹൻ (കൺവീനർ), മീഡിയ ആൻഡ് പബ്ലിസിറ്റി- ജില്ലാ പഞ്ചായത്തംഗം സി.പി.ഷിജു (ചെയർപഴ്‌സൺ), ലേ സെക്രട്ടറി എ.പി.സജീന്ദ്രൻ (കൺവീനർ).