+

മാതമംഗലം ഹയർ സെക്കൻഡറി സ്കൂളിൽ തെരഞ്ഞെടുപ്പ് കൺവെൻഷൻ കഴിഞ്ഞു മടങ്ങുകയായിരുന്ന കെ.എസ് യു നേതാക്കൾക്ക് മർദ്ദനമേറ്റു

മാതമംഗലം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കെ.എസ്.യു  യൂനിറ്റ് തെരഞ്ഞെടുപ്പ് കൺവെൻഷൻ കഴിഞ്ഞ് മടങ്ങുകയായിരുന്ന ജില്ലാ നേതാക്കളെ എസ്.എഫ് ഐ പ്രവർത്തകർ മർദ്ദിച്ചതായി പരാതി.

പയ്യന്നൂർ : മാതമംഗലം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കെ.എസ്.യു  യൂനിറ്റ് തെരഞ്ഞെടുപ്പ് കൺവെൻഷൻ കഴിഞ്ഞ് മടങ്ങുകയായിരുന്ന ജില്ലാ നേതാക്കളെ എസ്.എഫ് ഐ പ്രവർത്തകർ മർദ്ദിച്ചതായി പരാതി.കെ. എസ്. യു കണ്ണൂർജില്ലാ സെക്രട്ടറി  നവനീത് ഷാജി, പയ്യന്നൂർ കോളേജ് കെ. എസ്. യു യൂനിറ്റ് പ്രസിഡൻ്റ് ചാൾസ് സണ്ണിക്കുമാണ് മർദ്ദനമേറ്റത്. പരുക്കുകളോടെ കെ എസ് യു നേതാക്കളെ പയ്യന്നൂർ പ്രിയദർശിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഗുണ്ടകളെ വളർത്തുകയും അവർക്ക് എല്ലാ പിന്തുണയും നൽകി ക്രിമിനൽ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുകയും ചെയ്യുന്ന സംഘടനയായി എസ് എഫ് ഐ അധഃപതിച്ചുവെന്ന് കെ എസ് യു ജില്ലാ പ്രസിഡന്റ്‌ എം സി അതുൽആരോപിച്ചു. മാതമംഗലം സ്കൂളിലെ തെരഞ്ഞെടുപ്പ് കൺവെൻഷൻ കഴിഞ്ഞ് തിരികെ പോവുകയായിരുന്ന കെ എസ് യു ജില്ലാ സെക്രട്ടറി നവനീത് ഷാജിയെയും കെ എസ് യു പയ്യന്നൂർ കോളേജ് യൂണിറ്റ് പ്രസിഡന്റ്‌ ചാൾസ് സണ്ണിയെയും പുറത്ത് നിന്നും സംഘടിച്ചെത്തിയ ഡി വൈ എഫ് ഐ പ്രവർത്തകർ മാരകായുധങ്ങളും മിഷ്യൻ കല്ലുകളും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. സ്കൂൾ പാർലിമെന്റ് തെരഞ്ഞെടുപ്പിന് നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട അവസാന  ദിവസത്തിൽ വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങൾ പല വിദ്യാലയങ്ങളിലും നടക്കുകയാണ്.ഇത്തരം രീതിയിൽ ജനാധിപത്യത്തെ അട്ടിമറിച്ച് എസ് എഫ് ഐ നടത്തുന്ന നീക്കങ്ങൾ തോൽവി സമ്മതിച്ചതിന് തുല്യമാണെന്നും എസ് എഫ് ഐ യുടെ അക്രമത്തെ എന്ത് വില കൊടുത്തും ചെറുത്ത് തോൽപ്പിക്കുമെന്നും എം സി അതുൽ പറഞ്ഞു.

 മാതമംഗലം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിൽ കെ.എസ്.യു യൂണിറ്റ് കൺവെൻഷനിൽ പങ്കെടുക്കാനെത്തിയ നേതാക്കളെ എസ്.എഫ്.ഐക്കാരും പുറമേ നിന്നുള്ള ഡിവൈഎഫ്‌ഐ ക്രിമിനലുകളും ആക്രമിച്ച സംഭവത്തിൽ ഡിസിസി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ് പ്രതിഷേധിച്ചു. കെ.എസ്.യു ജില്ലാ സെക്രട്ടറി നവനീത് ഷാജിയേയും പയ്യന്നൂർ കോളേജ് കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ് ചാൾസ് സണ്ണിയേയും പോലീസ് നോക്കി നിൽക്കേയാണ് വളഞ്ഞു വെച്ചാക്രമിച്ചത്. സ്ഥലത്തെത്തിയ പോലീസ് സംഘത്തെ പോലും ഭീഷണിപ്പെടുത്തിയാണ് കെ.എസ്.യു നേതാക്കളെ അക്രമിച്ചത്. 

കാമ്പസുകളിൽ മറ്റു സംഘടനകൾക്ക് പ്രവർത്തന സ്വാതന്ത്ര്യം നിഷേധിക്കുന്ന ഫാസിസ്റ്റ് നിലപാടാണ് എസ്.എഫ്.ഐ സ്വീകരിക്കുന്നത്. എസ്.എഫ്.ഐക്ക് ആധിപത്യമുണ്ടായിരുന്ന കാമ്പസുകളിൽ ജനാധിപത്യവിദ്യാർത്ഥി പ്രസ്ഥാനങ്ങളിലേക്ക് വിദ്യാർത്ഥികൾ ആകൃഷ്ടരാകുന്നതിൽ വിറളി പിടിച്ചാണ് എസ്.എഫ്.ഐ ഇത്തരത്തിൽ അക്രമമഴിച്ചു വിടുന്നത്. വിദ്യാലയങ്ങളിലും കലാലയങ്ങളിലും സംഘർഷം വിളിച്ചു വരുത്തുന്ന നിലപാടിൽ നിന്ന് എസ്.എഫ്.ഐ പിന്മാറണം. അക്രമികൾക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാൻ പോലീസ് തയ്യാറാകണമെന്നും അഡ്വ.മാർട്ടിൻ ജോർജ് ആവശ്യപ്പെട്ടു.

facebook twitter