മമ്പറം പഴയ പാലം അടച്ചു ; ഇനി കാൽ നടയാത്ര മാത്രം

03:18 PM Aug 08, 2025 | AVANI MV

മമ്പറം : മമ്പറം പഴയ പാലത്തിലൂടെയുള്ള വാഹന ഗതാഗതവും പാർക്കിങ്ങും പൂർണമായി നിരോധിച്ചു. പാലത്തിൽ കാൽ നട യാത്ര മാത്രം സാധ്യമാക്കി  പാലത്തിന്റെ പ്രവേശന ഭാഗം ചെങ്കല്ല് കൊണ്ട് മതിൽ കെട്ടി അടച്ചു. വർഷങ്ങൾ പഴക്കമുള്ള മമ്പറം പഴയ പാലം ശോചനീയാവസ്ഥയിലായതിനെ  തുടർന്നാണ് പുതിയ പാലം നിർമ്മിച്ച് ഗതാഗത യോഗ്യമാക്കിയത്. ഇതോടെ  പഴയ പാലത്തിലൂടെയുള്ള  ഗതാഗതം പാലം വിഭാഗം  പൂർണമായും നിരോധിച്ചിരുന്നു. 

ഇത് സംബന്ധിച്ച മുന്നറിയിപ്പ് ബോർഡ് പഴയ പാലത്തിന്റെ ഇരുവശത്തും  സ്ഥാപിച്ചിരുന്നു. ഈ മുന്നറിയിപ്പുകളൊക്കെ അവഗണിച്ച് മമ്പറം ടൗണിൽ എത്തുന്ന പലരും വാഹനം പാർക്ക് ചെയ്യാൻ കണ്ടെത്തിയ ഇടമായി ഇവിടം മാറ്റി. കൈവരിയും അടിഭാഗവുമൊക്കെ ശോചനീയാവസ്ഥയിലായി പഴയ പാലം ഏതു നിമിഷവും നിലം പതിക്കാറായ നിലയിലാണ്.   ഇതൊന്നും വകവയ്ക്കാതെ നിരവധി വാഹനങ്ങളാണ് ഇവിടെ പാർക്ക് ചെയ്യാറ്. കൂടാതെ നിരവധി വാഹനങ്ങൾ ഇതിലൂടെ കടന്നുപോകാറുമുണ്ട്. നിലവിൽ ഒരു ഭാഗം മാത്രമാണ് അടച്ചത്. എത്രയും പെട്ടെന്ന് തന്നെ പാലത്തിന്റെ മറുവശവും  ഇങ്ങനെ മതിൽ കെട്ടി അടക്കാനുള്ള തീരുമാനത്തിലാണ് അധികൃതർ