തളിപ്പറമ്പ : തളിപ്പറമ്പ് റെയിഞ്ചിന് കീഴിലെ നടുവിൽ , ഗ്രാമപഞ്ചായത്തിലെ ജനജാഗ്രതാ സമിതി യോഗം പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്നു. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എം രഞ്ജിത്ത് സ്വാഗതം ആശംസിച്ച യോഗത്തിൽ റെയിഞ്ച് ഫോറസ്റ്റ് ഓഫിസർ അധ്യക്ഷത വഹിച്ചു.
മനുഷ്യ വന്യജീവി സംഘർഷം ലഘൂകരിക്കുന്ന തിനായി വനം വകുപ്പ് നടപ്പിലാക്കി വരുന്ന 10 ഇന മിഷനുകളെ കുറിച്ച് റെയിഞ്ചാഫീസർ വിശദീകരിച്ചു. പഞ്ചായത്ത് അഭിമുഖീകരി ക്കുന്ന വന്യജീവി പ്രശ്നങ്ങളെ കുറിച്ച് പഞ്ചായത്ത് പ്രസിഡൻ്റ് ബേബി ഓടമ്പള്ളി സംസാരിച്ചു. ഷൂട്ടന്മാരെ ഉപയോഗിച്ച് പന്നികളെ ഉന്മൂലനം ചെയ്യുന്ന പദ്ധതി പഞ്ചായത്തിൽ വിജയകരമായി നടപ്പിലാക്കി വരുന്നുണ്ട്. കുടിയാന്മല ഭാഗത്തെ കുരങ്ങ് ശല്യത്തിന് പരിഹാരം കാണണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വനാതിർത്തി പങ്കിടുന്ന 7ാം വാർഡിലെ 4.5 കിലോമിറ്റർ ദൂരത്തിൽ ഫെൻസിംങ്ങ് നിർമ്മിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ,വാർഡ് മെമ്പർമാർ, കൃഷി ഓഫീസർ, കർഷകർ എന്നിവർ സംസാരിച്ചു.
‘എരുവേശ്ശി പഞ്ചായത്ത് ഹാളിൽ ഉച്ചയ്ക് നടന്ന ജനജാഗ്രതാ സമിതി യോഗത്തിൽ തളിപ്പറമ്പ റെയിഞ്ച് ഓഫീസർ അധ്യക്ഷനായി . വഞ്ചിയം- പുറത്തൊട്ടി വനാതിർത്തിയിൽ സ്ഥാപിച്ച സൗരോർജ തൂക്കുവേലി നല്ല രീതിയിൽ പരിപാലിച്ചുവരുന്നുണ്ടെന്നും അതുവഴി കർണ്ണാടക വനത്തിൽ നിന്നുള്ള കാട്ടാനശല്യത്തിന് ശാശ്വത പരിഹാരമായിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി മിനി ഷൈനി അഭിപ്രായപെട്ടു. കർഷകരുടെ ആശങ്ക അകറ്റുന്നതിനായി മിഷൻ വൈൽഡ് പിഗ് ൻ്റെ വിശദാംശങ്ങൾ റെയിഞ്ച് ഓഫീസർ യോഗത്തിൽ വിശദീകരിച്ചു. മിഷൻ FFW ൻ്റെ ഭാഗമായുള്ള വിത്തൂട്ട് പരിപാടിയുടെ റെയിഞ്ച് തല ഔദ്യോഗിക ഉദ്ഘാടനം ഇരിക്കൂർ എം.എൽ എ. അഡ്വക്കറ്റ് സജീവ് ജോസഫ് നിർവ്വഹിച്ചതായും വനത്തി നുള്ളിൽ അനേകം വിത്തുണ്ടകൾ നിക്ഷേപിച്ചതായും അധ്യക്ഷൻ യോഗത്തിൽ അറിയിച്ചു.
കുരങ്ങു ശല്യം കൂടുതലുള്ള ഭാഗങ്ങളിൽ കർഷകരുടെ അപേക്ഷ പരിഗണിച്ച് കൂടു വെച്ചു അവയെ പിടികൂടണമെന്ന് യോഗം ആവശ്യപ്പെട്ടു. ഷൂട്ടർമ്മാരുടെ ലിസ്റ്റ് തയ്യാറാക്കി കാട്ടുപന്നികളെ നിയമാനുസരണം ഇല്ലായ്മ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ സ്വീകരിക്കുന്നതിന് യോഗം തീരുമാനിച്ചു. യോഗത്തിൽ വില്ലേജ് ഓഫീസർ,വാർഡ് മെമ്പർമാർ / കർഷക പ്രതിനിധികൾ, കൃഷി ഓഫീസർ, ഷൂട്ടർമാർ തുടങ്ങി 30 ഓളം പേർ പങ്കെടുത്തു.