മട്ടന്നൂർ : ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷനും രാജ്യസഭാ എംപിയുമായ സി. സദാനന്ദൻ്റെ കാല് വെട്ടിയ കേസിൽ പ്രതികൾ ശിക്ഷിക്കപ്പെട്ട പശ്ചാത്തലത്തിൽ വിശദീകരണ യോഗവുമായി സിപിഎം. കേസിൽ ശിക്ഷിക്കപ്പെട്ടവരുടെ ചിത്രം പതിച്ച പോസ്റ്ററിൽ ഇവർ കുറ്റക്കാരാണോ യെന്ന് ചോദ്യവും ഉയർത്തിയിട്ടുണ്ട്. 'വരുന്നതിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിക്ക് മട്ടന്നൂർ ഉരുവച്ചാൽ ടൗണിലാണ് പൊതുയോഗം. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി. ജയരാജനാണ് പൊതുയോഗം ഉദ്ഘാടനം ചെയ്യുന്നത്.
എട്ട് സിപിഎം പ്രവർത്തകരുടെ ശിക്ഷ നടപ്പായതിന് പിന്നാലെയാണ് പാർട്ടി വിശദീകരണ യോഗം നടത്തുന്നത്. മുഴുവൻ പ്രതികളുടെയും അപ്പീൽ സുപ്രീംകോടതി തള്ളിയതിന് പിന്നാലെ എട്ട് സിപിഎം പ്രവർത്തകരെയും ജയിലിലടച്ചിരുന്നു. ഇവർക്ക് അഭിവാദ്യം അർപ്പിക്കാൻ കോടതി പരിസരത്തും ജയിലിന് മുന്നിലും നിരവധി സിപിഎം പ്രവർത്തകരെത്തിയിരുന്നു. മട്ടന്നൂരിൽ നടന്ന യാത്രയയപ്പിൽ കെ. കെ. ശൈലജ എംഎൽഎ പങ്കെടുത്തത് വലിയ വിവാദമായിരുന്നു.
1994 ജനുവരി 25 ന് രാത്രി 8.30 ന ആർഎസ്എസ് ജില്ലാ സഹകാര്യവാഹകായിരുന്നസി. സദാനന്ദൻ്റെ കാൽ ഉരുവച്ചാലിൽ ബസിറങ്ങിയപ്പോൾവെട്ടിയത്. 32 വർഷങ്ങൾക്ക് ശേഷമാണ് ശിക്ഷ നടപ്പാക്കുന്നത്. കെ. ശ്രീധരൻ , മാതമംഗലം നാണു, പുതിയവീട്ടിൽ മച്ചാൻ രാജൻ, പി. കൃഷ്ണൻ, ചന്ദ്രോത്ത് രവീന്ദ്രൻ, പുല്ലാഞ്ഞിയോടൻ സുരേഷ് ബാബു, മല്ലപ്രവൻ രാമചന്ദ്രൻ, കെ. ബാലകൃഷ്ണൻ എന്നിവരാണ് കേസിലെ പ്രതികൾ. ഇവർകോടതി ഉത്തരവ് പ്രകാരം കണ്ണൂർ സെൻട്രൽ ജയിലിലാണുള്ളത്. പ്രതികൾക്ക് കണ്ണൂർ സെൻട്രൽ ജയിൽ പരിസരത്തും സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷിൻ്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകിയിരുന്നു.