മട്ടന്നൂർ : അപൂർവ രോഗം അകാലത്തിൽ തട്ടിയെടുത്ത മക്കൾക്ക് സ്മാരകം പണിയണമെന്നത് കാരയിലെ വി എം ബാലൻ മാസ്റ്റരുടെ വലിയ സ്വപ്നമായിരുന്നു. അദ്ദേഹം ഏറെക്കാലം കൊണ്ടുനടന്ന സ്വപ്നം പൂവണിയുമ്പോൾ അതിന് സാക്ഷ്യം വഹിക്കാൻ ആ പിതാവ് ഇന്നില്ല. മക്കളുടെ മരണശേഷം മനസ്സിൽ കൊണ്ടുനടന്ന സ്വപ്നമാണ് കാരയിൽ അദ്ദേഹം നൽകിയ ഭൂമിയിൽ യാഥാർത്ഥ്യമായത്. എം ബാലൻ മാസ്റ്റരുടെയും അധ്യാപികയായ ഭാര്യ ജാനകിയുടെയും മക്കളായ ജയരാജും ബീനയും അപൂർവ രോഗത്തിന് അടിപ്പെട്ട് മരണപ്പെടുകയായിരുന്നു. 1993 ഒക്ടോബർ 19ന് 36ാമത്തെ വയസിൽ ജയരാജും 2010 ജൂലൈ 29ന് 36ാമത്തെ വയസിൽ ബീനയുംമരിച്ചു.
രണ്ടു മക്കളുടെയും വിയോഗം തളർത്തിയെങ്കിലും അവരുടെ സ്മരണക്കായി നാടിന് എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം ഈ അധ്യാപക ദമ്പതികൾക്കുണ്ടായി. അതിനായി തന്‍റെ സമ്പാദ്യത്തിൽ ഒരു ഭാഗം നീക്കിവെക്കാൻ അദ്ദേഹം ആഗ്രഹിച്ചു. തന്‍റെ ആഗ്രഹം അടുത്ത സുഹൃത്തുക്കളുമായി പങ്കുവെച്ചു. തന്‍റെ പേരിൽ കാരയിലുള്ള 50സെന്‍റ് സ്ഥലവും അവിടെ കെട്ടിടം നിർമിക്കുന്നതിനുള്ള തുക നൽകാനും അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചു. അതിന്‍റെ അടിസ്ഥാനത്തിൽ അന്നത്തെ നഗരസഭാ വൈസ് ചെയർമാൻ പി പുരുഷോത്തമനുമായി ബാലൻ മാസ്റ്ററുടെ സുഹൃത്തുക്കൾ ബന്ധപ്പെട്ടു.
ഇതിന്‍റെ അടിസ്ഥാനത്തിൽ പി പുരുഷോത്തമൻ പ്രസിഡന്‍റും ഇപ്പാഴത്തെ നഗരസഭാ ചെയർമാൻ എൻ ഷാജിത്ത് സെക്രട്ടറിയായും എം ദിവാകരൻ ട്രഷററുമായി ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിച്ചു. 2021 ആഗസ്റ്റ് 24ന് 50 സെന്‍റ് സ്ഥലം ബാലൻ മാസ്റ്റർ ഇവർക്ക് കൈമാറി.
തന്‍റെ ജീവിതകാലത്തുതന്നെ ഇവിടെ സ്മാരക കെട്ടിടം നിർമിച്ച് നഗരസഭക്ക് കൈമാറണമെന്ന ആഗ്രഹമാണ് അദ്ദേഹം പ്രകടിപ്പിച്ചത്. കെട്ടിടം നിർമിക്കുന്നതിന് അദ്ദേഹം 66 50 000 രൂപ കൈമാറുകയും ചെയ്തു. ബാലൻ മാസ്റ്റരുടെ ആഗ്രഹ പ്രകാരം തന്നെ പ്ലാൻ തയ്യാറാക്കി നിർമാണം തുടങ്ങുകയും ചെയ്തു. നിർമാണം ത്വരിതഗതിയിൽ നടക്കുന്നതനിടയിൽ അസുഖബാധിതനായ ബാലൻ മാസ്റ്റർ 2023 ഏപ്രിൽ 30ന് മരണ മടഞ്ഞു.
ഇതിനിടെ ഇവിടെ അങ്കണവാടി പ്രവർത്തനം തുടങ്ങിയിരുന്നു. ഏതാണ്ട് രണ്ടു കോടി രൂപ മൂല്യം വരുന്ന സ്ഥലവും കെട്ടിടവും പൂർത്തീകരിച്ച് ഇതിനകം മട്ടന്നൂർ നഗരസഭക്ക് കൈമാറിയിട്ടുണ്ട്. 16ന് സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്യുന്ന മട്ടന്നൂർ നഗരസഭ ജയരാജ് - ബീന സ്മാരക മൾട്ടി ഫെസിലേിറ്റേഷൻ സെന്‍ററിൽ വാക്വേ, പൂന്തോട്ടം ഉൾപ്പെടെ ഒരുക്കിയിട്ടുണ്ട്. സ്മാരക കെട്ടിടം ഉദ്ഘാടനം ചെയ്യുന്നതോടെ ബാലൻ മാസ്റ്ററുടെ ആഗ്രഹം സാക്ഷാത്കരിക്കപ്പെടുകയാണ്.