കണ്ണൂർ : കണ്ണൂരിൻ്റെ കായികസിറ്റി പോലീസ് പരേഡ് ഗ്രൗണ്ടിലെ സിന്തറ്റിക് ട്രാക്ക് കം ഫുട് ബോൾ കോർട്ട് ,ഇൻഡോർ കോർട്ട്, ജില്ലാ പോലീസ് ഹെഡ് ക്വാട്ടേഴ്‌സിലെ ഇൻഡോർ സ്പോർട്സ് സെന്റർ കം സഭ ഹാൾ എന്നിവ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്തു.
കേരള പൊലീസ് സ്‌പോർട്‌സ് ആൻഡ് യൂത്ത് വെൽഫെയർ സൊസൈറ്റിയുടെ സ്‌കീമിന് കീഴിലാണ് കണ്ണൂർ നഗരത്തിലെ പോലീസ് പരേഡ് ഗ്രൗണ്ടിലും ജില്ലാ പോലീസ് ആസ്ഥാനത്തും കായിക അടിസ്ഥാന സൗകര്യ വികസനം യാഥാർത്ഥ്യമാക്കിയത്.
പോലീസ് പരേഡ് ഗ്രൗണ്ടിൽ സിന്തറ്റിക് ട്രാക്ക്, കം ഫുട്‌ബോൾ കോർട്ട്, വിവിധ ഇൻഡോർ കായിക വിനോദങ്ങൾക്കും ശാരീരിക പരിശീലന പ്രവർത്തനങ്ങൾക്കും ഇടം നൽകുന്ന മൾട്ടി-പർപ്പസ് ഇൻഡോർ കോർട്ട് എന്നിവ കായിക പ്രേമികളെ ആകർഷിക്കും. ഇതോടൊപ്പം, ജില്ലാ പോലീസ് ആസ്ഥാനത്തെ ഇൻഡോർ സ്പോർട്സ് സെന്റർ കം സഭാ ഹാളും പൂർത്തിയായി.
സിന്തറ്റിക്ക് ട്രാക്ക്, മൾട്ടി-പർപ്പസ് ഇൻഡോർ കോർട്ട്, ഇൻഡോർ സ്പോർട്സ് സെന്റർ കം സഭാ ഹാൾ എന്നീ മൂന്ന് പദ്ധതികളുടെ പൂർത്തീകരണത്തിനായി ആകെ 10.17 കോടി രൂപയാണ് ചെലവിട്ടത്. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, എം.എൽ.എ മാരായ എം.വി ഗോവിന്ദൻ, കെ.വി സുമേഷ്, ജില്ലാ പഞ്ചായത്ത് പ്രസി. അഡ്വ. കെ. രത്നകുമാരി.ഉന്നത പൊലിസ് ഉദ്യോഗസ്ഥരായ ഐ.ജി എസ് ശ്രീജിത്ത്,എഡിജിപി എച്ച് വെങ്കിടേഷ്, നോർത്ത് സോൺ ഐ ജി രാജ്പാൽ മീണ, കണ്ണൂർ റേഞ്ച് ഡി ഐ ജി യതീഷ് ചന്ദ്രസിറ്റി പോലീസ് കമ്മീഷണർ പി നിധിൻ രാജ്, എന്നിവർ പങ്കെടുത്തു.