കണ്ണൂർ പ്രസ്‌ക്ലബ് രജിത് റാം സ്മാരക പത്രപ്രവർത്തക അവാർഡ് അഷ്മിലാ ബീഗത്തിന്

10:15 AM Aug 13, 2025 | AVANI MV

കണ്ണൂർ: മലയാള പത്രങ്ങളിലെ മികച്ച പ്രാദേശിക പേജ് രൂപകൽപനക്കുള്ള രജിത് റാം സ്മാരക മാധ്യമ അവാർഡിന് മാതൃഭൂമി കോഴിക്കോട് യൂണിറ്റിലെ സബ് എഡിറ്റർ അഷ്മിലാ ബീഗം അർഹയായി. 25000 രൂപയും ഫലകവും അടങ്ങുന്ന അവാർഡ് പിന്നീട് സമർപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

മാതൃഭൂമി സബ് എഡിറ്റർ രജിത് റാമിന്റെ സ്മരണയ്ക്കായി കണ്ണൂർ പ്രസ്‌ക്ലബും രജിത് റാം സുഹൃദ്‌സംഘവും ചേർന്നാണ് അവാർഡ് നൽകുന്നത്. 
മാതൃഭൂമി ദിനപത്രത്തിൽ 2024 ആഗസ്ത് 6 ന് വയനാട് പ്രാദേശിക എഡിഷനിൽ പ്രസിദ്ധീകരിച്ച നാലാം പേജാണ് അവാർഡിന് അർഹമായത്. 
മനോരമ ട്രെയിനിംഗ് ഡയരക്ടർ പി ഉബൈദുല്ല, മാതൃഭൂമി റിട്ട. ഡപ്യൂട്ടി എഡിറ്റർ ടി സുരേഷ്ബാബു, ചന്ദ്രിക റിട്ട. അസിസ്റ്റന്റ് എഡിറ്റർ ഒ ഉസ്മാൻ എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് നിർണയിച്ചത്.

കണ്ണൂർ യൂണിവേഴ്‌സിറ്റിയിൽനിന്ന് ഡിഗ്രിയും കേരള മീഡിയ അക്കാദമിയിൽനിന്ന് ഡിപ്ലോമയും നേടിയ അഷ്മില ബീഗം വയനാട് വെള്ളമുണ്ട സ്വദേശിയാണ്. അബ്ദുൽ അസീസ്-എ ആയിഷ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: ഹഫ്‌സ, റോഷ്‌ന. വാർത്താസമ്മേളനത്തിൽ പ്രസ്‌ക്ലബ് പ്രസിഡന്റ് സി സുനിൽകുമാർ, സെക്രട്ടറി കബീർ കണ്ണാടിപ്പറമ്പ്, രജിത് റാം സുഹൃത്‌സംഘം കൺവീനർ വിനോയ് മാത്യു എന്നിവർ പങ്കെടുത്തു.

Trending :