ഇനി പച്ചക്കറി അരിഞ്ഞും തേങ്ങ ചിരവിയും മടുക്കില്ല ; അടുക്കളകൾക്ക് കൽകോയുടെ കൈസഹായം റെഡി ടു കുക്ക്

11:09 AM Aug 18, 2025 | Kavya Ramachandran

തളിപ്പറമ്പ്:പച്ചക്കറി അരിഞ്ഞും തേങ്ങ ചിരവിയും മടുക്കുന്ന അടുക്കളകൾക്ക് കൽകോയുടെ കൈ സഹായമായി റെഡി ടു കുക്ക്. കണ്ണൂർ കല്ല് കൊത്ത് തൊഴിലാളി ക്ഷേമ സഹകരണ സംഘത്തിൻ്റെ ധർമ്മശാലയിലെ കൽകൊ സൂപ്പർ മാർക്കറ്റിലാണ് 'റെഡി ടു കുക്ക് ' പച്ചക്കറി കൗണ്ടർ പ്രവർത്തനം ആരംഭിച്ചത്. സാമ്പാർ കൂട്ട്, അവിയൽ കൂട്ട്, എന്നിവയ്ക്ക് പുറമെ ആവശ്യമായ പച്ചക്കറികൾ അരിഞ്ഞും   തേങ്ങ ചെരവിയതും ഇവിടെ ലഭ്യമാകും.

പച്ചക്കറികൾ ശുദ്ധികരിച്ച് ,ഹൈജീനക്കായി അരിഞ്ഞാണ്  നൽകുക. ആവശ്യമനുസരിച്ച്  വിവിധ കറി കൂട്ടുകളാക്കിയും നൽകും. കല്യാണം, മറ്റ് ചടങ്ങുകൾ  പോലുള്ള  അവസരങ്ങളിൽ മുൻകൂട്ടിഓർഡർ പ്രകാരവും പച്ചക്കറികൾ അരിഞ്ഞു നൽകും. സമീപ പ്രദേശങ്ങളിൽ നിന്നുള്ള ജൈവ പച്ചക്കറികളാണ് കൂടുതലായും കൽകോ ഇതിനായി ഉപയോഗിക്കുക. 


സംരംഭം തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്  സി എം കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡൻ്റ് സി അശോക് കുമാർ അധ്യക്ഷനായി. വിസ്മയ വൈസ് ചെയർമാൻ കെ സന്തോഷ്, പാപ്പിനിശ്ശേരി പഞ്ചായത്ത് മുൻ പ്രസിഡണ്ട്  കെ നാരായണൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി എ ഇ ജിതേഷ് കുമാർ സ്വാഗതവും ഡയറക്ടർ കെ ശശി നന്ദിയും പറഞ്ഞു.  സഹകരണ മേഖലയിൽ വൈവിധ്യവൽക്കരണത്തിൻ്റ ഭാഗമായാണ് കൽകോ നൂതന സംരംഭവുമായി വരുന്നതെന്ന് പ്രസിഡൻ്റ് സി അശോക് കുമാർ പറഞ്ഞു.