+

ഇലക്ട്രിക്ക് സാധനങ്ങൾ വാങ്ങിയ തർക്കം: വീട് കയറി അക്രമിച്ച മൂന്ന് പേർ അറസ്റ്റിൽ

ഇലക്ട്രിക് സാധനങ്ങൾ വാങ്ങിയ പണം നൽകിയില്ലെന്ന് ആരോപിച്ച് വീട്ടിൽ കയറി അക്രമം നടത്തിയ പന്തക്കൽ സ്വദേശികളായ മൂന്നു പേരെ ചൊക്ലി പോലീസ് അറസ്റ്റു ചെയ്തു.

പാനൂർ :ഇലക്ട്രിക് സാധനങ്ങൾ വാങ്ങിയ പണം നൽകിയില്ലെന്ന് ആരോപിച്ച് വീട്ടിൽ കയറി അക്രമം നടത്തിയ പന്തക്കൽ സ്വദേശികളായ മൂന്നു പേരെ ചൊക്ലി പോലീസ് അറസ്റ്റു ചെയ്തു. പന്തക്കൽ വയലിൽ പീടികയിൽ പ്രവർത്തിക്കുന്ന വി.പി.ഇലക്ട്രിക്കൽസിലെ മൂലക്കടവ് സരയുവിൽ ബിജിൻ (40), കണിച്ചാങ്കണ്ടി സങ്കേതത്തിൽ മുകേഷ് (39), പന്തക്കൽ ശിവഗംഗയിൽ രാഹുൽ (35) എന്നിവരെയാണ് ചൊക്ലി പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയാണ് ആക്രമണമുണ്ടായത്. നിടുമ്പ്രം കാരാറത്ത് സ്കൂളിന് സമീപത്തെ കൂടത്തിൽ താഴെ കുനിയിൽ സാവിത്രിയുടെ വീട്ടിൽ കയറിയാണ് അതിക്രമം നടത്തിയത്. സാവിത്രിയുടെ മകൻ രാജേഷാണ് ഇലക്ട്രിക് സാധനങ്ങൾ കടമായി വാങ്ങിയത്. രാജേഷിൻ്റെ സഹോദരൻ ജിതേഷിനെ മർദ്ദിക്കുകയും വീടിന്റെ ജനൽ ചില്ലുകൾ അടിച്ചു തകർക്കുകയും വീട്ടുവരാന്തയിൽ നിർത്തിയിട്ട ബൈക്ക് കേടുവരുത്തുകയും ചെയ്തു. അക്രമം നടക്കുമ്പോൾ രാജേഷ് വീട്ടിൽ ഉണ്ടായിരുന്നില്ല. പ്രദേശത്തെ നിരീക്ഷണക്യാമറ പരിശോധിച്ചു നടത്തിയ അന്വേഷണത്തിലൂടെ മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രതികളെ പൊലിസ് അറസ്റ്റുചെയ്തു.തലശേരി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

facebook twitter