ജലമാണ് ജീവൻ : കണ്ണൂർ ജില്ലയിലെ കിണറുകളിലെ ക്ലോറിനേഷന് ആഗസ്റ്റ് 30 ന് തുടക്കമാകും

10:00 AM Aug 28, 2025 | Neha Nair

കണ്ണൂർ : അമീബിക് മസ്തിഷ്‌കജ്വരം കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ജല ശുചീകരണ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനുള്ള ശ്രമങ്ങൾ ആഗസ്റ്റ് 30 ന് ജില്ലയിൽ ആരംഭിക്കും. മലിനമായ കുളങ്ങൾ, പുഴകൾ എന്നിവയ്ക്കു പുറമെ കിണറുകളിലും വൃത്തിയാക്കാത്ത വാട്ടർ ടാങ്കുകളിലും അമീബയുടെ സാന്നിദ്ധ്യമുണ്ടെന്ന് പഠനങ്ങൾ വ്യക്തമാക്കിയതിന്റെ അടിസ്ഥാനത്തിലാണ് 'ജലമാണ് ജീവൻ' ക്യാമ്പയിൻ ആരംഭിക്കുന്നത്. ആരോഗ്യം, തദ്ദേശ സ്വയംഭരണം, പൊതുവിദ്യാഭ്യാസ വകുപ്പുകളും ഹരിതകേരളം മിഷൻ, ശുചിത്വ മിഷൻ എന്നിവയും ചേർന്നാണ് ക്യാമ്പയിന് നേതൃത്വം നൽകുന്നത്.
 
30, 31 തീയതികളിൽ ജില്ലയിലെ മുഴുവൻ കിണറുകളും ക്ലോറിനേറ്റ് ചെയ്യാനും മുഴുവൻ വീടുകളിലേയും സ്ഥാപനങ്ങളിലേയും വാട്ടർടാങ്കുകൾ വൃത്തിയാക്കാനുമുള്ള പ്രവർത്തനങ്ങൾ ആരംഭിക്കും. ഈ തീയതികളിൽ ക്ലോറിനേഷൻ പൂർത്തിയാകാത്ത ഇടങ്ങളിൽ മറ്റ് ദിവസങ്ങളിൽ തുടരാനും സംസ്ഥാന സർക്കാർ നിർദ്ദേശം നല്കിയിട്ടുണ്ട്. തോടുകൾ, കിണറുകൾ, മറ്റ് ജലാശയങ്ങൾ എന്നിവ ശുചീകരിക്കാനുള്ള വിപുലമായ ശ്രമങ്ങളും ജില്ലയിൽ ഏറ്റെടുക്കും. ക്യാമ്പയിൻ വിജയിപ്പിക്കാൻ ആവശ്യമായ ആസൂത്രണം തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ജില്ലയിൽ പൂർത്തിയായി.