+

ഇരിട്ടിയിൽ ചായക്കും എണ്ണക്കടികൾക്കും ബിരിയാണിക്കും ഹോട്ടലുകളും റസ്റ്റോറൻ്റുകളും കുത്തനെ വില കൂട്ടി : നട്ടം തിരിഞ്ഞ് ഉപഭോക്താക്കൾ

ഇരിട്ടിയിൽ തൊണ്ടനനയ്ക്കാനും പശിയടക്കാനും ഹോട്ടലുകളെയും റസ്റ്റോറൻ്റുകളെയും ആശ്രയിക്കുന്ന സാധാരണക്കാരുടെ കൊരവള്ളി പിടിച്ച് ഹോട്ടൽ - റസ്റ്റോറൻ്റ് വ്യാപാരികൾ. 

ഇരിട്ടി: ഇരിട്ടിയിൽ തൊണ്ടനനയ്ക്കാനും പശിയടക്കാനും ഹോട്ടലുകളെയും റസ്റ്റോറൻ്റുകളെയും ആശ്രയിക്കുന്ന സാധാരണക്കാരുടെ കൊരവള്ളി പിടിച്ച് ഹോട്ടൽ - റസ്റ്റോറൻ്റ് വ്യാപാരികൾ.  സമീപ പ്രദേശത്തെ മറ്റൊരു ടൗണിലും ഇല്ലാത്ത വിധം ചായക്കും പലഹാരങ്ങൾക്കും ഹോട്ടലുകളിൽ കുത്തനെവില വർദ്ധിപ്പിച്ചിട്ട് രണ്ടാഴ്ച്ചയായി ' ഒറ്റയടിക്ക് ചരിത്രത്തിൽ ഇതുവരെയില്ലാത്തവിധം ഹോട്ടൽ വ്യാപാരികൾ  കുത്തനെ വില വർദ്ധിപ്പിച്ചിട്ടും മിണ്ടാട്ടമില്ലാതെ ഇരിക്കുകയാണ് യുവജന സംഘടനകളെല്ലാം. എന്നാൽ ഇതിനെതിരെ വിവിധ കോണുകളിൽ നിന്നും പൊതുജനങ്ങളിൽഅമർഷം പുകയുന്നുണ്ട്.

 ഓഗസ്റ്റ് 4 മുതലാണ് ഹോട്ടലുകളിൽ  ഒറ്റയടിക്ക് മൂന്ന് രൂപയുടെ വർധനവ്  ചായക്കും പലഹാരങ്ങൾക്കും വരുത്തിയിരിക്കുന്നത്. സമീപ മേഖലകളിൽ ഒന്നും ഇല്ലാത്ത  വർധനവാണ് ഇരിട്ടിയിൽ മാത്രം  ഉണ്ടായിരിക്കുന്നത്.  ചായക്കും പാലഹാരത്തിനും ഉണ്ടായിരുന്ന 12 രൂപയാണ് 15രൂപയാക്കി വർധിപ്പിച്ചിരിക്കുന്നത്. ചായക്ക് 12 രൂപ നിലനിർത്തിയപ്പോൾ പൊടിച്ചായക്ക്   മൂന്ന് രൂപയുടെ വർധനവാണ് വരുത്തിയിരിക്കുന്നത്. എല്ലാ എണ്ണക്കടികൾക്കും 12 രൂപയിൽ നിന്നും 15 രൂപയാക്കി ഉയർത്തിയപ്പോൾ ഇതോടൊപ്പം ദോശ, ഇഡ്ഢലി,  പൊറോട്ട  അടക്കമുള്ള പലഹാരങ്ങൾക്കും 3 രൂപ ഉയർത്തി 15 രൂപയാക്കി. 

ദോശയുടെയും ഇഡ്ഡലിയുടെയും വില വർദ്ധിപ്പിക്കാനുണ്ടായ കാരണം അന്വേഷിച്ചപ്പോൾ പറഞ്ഞ കാരണം വിചിത്രമാണ്. ഇവയ്ക്ക് നൽകുന്ന ചമ്മന്തിക്ക് പണം ഈടക്കാറില്ലെന്നും തേങ്ങയ്ക്കു വിലകൂടിയതാണ് വില വർദ്ധിപ്പിക്കാൻ കാരണമെന്നുമാണ് വ്യാപാരികൾ  പറയുന്നത്. ഇവയ്ക്കു പുറമേകോഴി ബിരിയാണിക്ക് 150 ൽ നിന്നും ഒറ്റയടിക്ക് 170  രൂപയാക്കിയും വർധിപ്പിച്ചിട്ടുണ്ട്. ബിരിയാണി അരിക്ക് ക്രമാതീതമായി വില വർദ്ധിച്ചതാണ് ഇതിനു കാരണമായി പറയുന്നത്.     ഇരിട്ടിയിൽ ഉണ്ടായ വലിയ വർധനവിന്റെ ചുവട് പിടിച്ച് ഗ്രാമപ്രദേശങ്ങളിലേയും കുടുംബശ്രീ ഹോട്ടലുകളും ചെറിയ വർധനവും വരുത്തി. പത്ത് രൂപയുടെ ചായക്ക് 12 രൂപയാക്കിയപ്പോൾ 12രൂപയുടെ പലഹാരത്തിന് 13 രൂപയാക്കിയും ഉയർത്തി. വളരെ ചെറിയ പാലഹാരത്തിന് പോലും നിരക്ക് വർധനവിൽ ഏകീകരണം വരുത്തിയിരിക്കുകയാണ്.  ഊണിന് 50രൂപയിൽ നിന്നും 60 രൂപയാക്കിയതും അടുത്തിടെയാണ്.

 ഊണിന് വില വർദ്ധിപ്പിച്ചപ്പോൾ കാര്യമായ പ്രതിഷേധം ആരും ഉയർത്തിയിരുന്നില്ല. ഇത് ഒരു അവസരമാക്കിയാണ് ഇപ്പോൾ ചായ അടക്കമുള്ള എല്ലാത്തിന്റെയും  വില കുത്തനെ കൂട്ടിയിരിക്കുന്നത്. എന്നാൽ വിലവർധനവിൽ പലകോണിൽ നിന്നും ഉയരുന്ന  പ്രതിഷേധം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും യോഗം ചേർന്ന് പൊതുജനങ്ങൾക്ക് പ്രയാസം ഉണ്ടാകാത്ത  വിധം പരിഹാരം കാണാനുള്ള ശ്രമം നടക്കുകയാണെന്നും  ഇരിട്ടി ഹോട്ടൽ അൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. 

എന്നാൽ മുടന്തൻ ന്യായം പറഞ്ഞ് ഇവർ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ഇരിട്ടി നഗരത്തിലും പരിസര പ്രദേശങ്ങളിലുമായി ആയിരത്തിലേറെ പേർ വിവിധ കടകളിലും സ്വകാര്യ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നുണ്ട് ഇതു കൂടാതെ ചുമട്ടുതൊഴിലാളികൾ, ഇതര സംസ്ഥാന തൊഴിലാളികൾ, കർഷക തൊഴിലാളികൾ എന്നിവരുമുണ്ട്. മിക്ക നേരങ്ങളിലും ഹോട്ടൽ ഭക്ഷണത്തെ ആശ്രയിക്കുന്ന ഇവർക്ക് തിരിച്ചടിയായിരിക്കുകയാണ് വില വർദ്ധനവ്.

facebook twitter