കണ്ണൂർ ചാല വെള്ളൂരില്ലം എൽ.പി സ്കൂളിൽ വിദ്യാർത്ഥികൾ വിളയിച്ച പുത്തരി വിതരണം ചെയ്തു

07:22 PM Aug 28, 2025 | Neha Nair

ചാല : ചാല വെള്ളൂരില്ലം എൽ പി സ്കൂളിൽ എല്ലാരും പാടത്തേക്ക് എന്ന പദ്ധതിയിലൂടെ വിളയിച്ചെടുത്ത പുത്തരി, വിതരണത്തിനായി  കുട്ടികളും അധ്യാപകരും ഒരേപോലെ രംഗത്തിറങ്ങി. പഠന പ്രവർത്തനത്തിന്റെ ഭാഗമായി എല്ലാരും പാടത്തേക്ക് എന്ന പരിപാടിയിലൂടെ കഴിഞ്ഞ വർഷം നടത്തിയ നെൽകൃഷിയിൽ നിന്നും വിളവെടുത്ത നെല്ല് കുത്തിയെടുത്ത അരി ആവശ്യക്കാർക്ക് വിതരണം ചെയ്തു. 

പലപ്പോഴായി കുട്ടികൾക്ക് പായസം വച്ചു കൊടുത്തതിൻ്റെ ബാക്കി അരിയാണ് വിതരണം ചെയ്തത്. ഈ പ്രാവശ്യത്തെ ഓണത്തിനുള്ള പായസത്തിനും ഈ അരിയാണ് ഉപയോഗിക്കുന്നത്.തികച്ചും ജൈവകൃഷി രീതിയിൽ വിളയിച്ചെടുത്ത നെല്ലരിയുടെ വിതരണോദ്ഘാടനം ഹെഡ് ടീച്ചർ  സജിത നിട്ടൂർ നിർവ്വഹിച്ചു. സ്കൂളിലെ വിവിധ ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിലാണ് കൃഷി നടത്തി വരുന്നത്. തുടർച്ചയായി എല്ലാവർഷവും നടത്തുന്ന നെൽകൃഷി ഈ വർഷവും തുടരുന്നുണ്ട്.