കരിവെള്ളൂരിൽ കുടുംബ വഴക്കിനിടെ മകളെ വെട്ടി കൊല്ലാൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ

07:14 PM Sep 05, 2025 | AVANI MV

പയ്യന്നൂർ : കരിവെള്ളൂരിൽ മകളെ വെട്ടിപ്പരിക്കേൽപിച്ച സംഭവത്തിൽ പിതാവ് അറസ്റ്റിൽ.  കരിവെള്ളൂരിലാണ് 22 വയസു കാരിയെ പിതാവ് വാൾകൊണ്ട് വെട്ടാൻ ശ്രമിച്ചത്. കരിവെള്ളൂർ സ്വദേശി കെ.വി. ശശിയെയാ (59) പൊലീസ് അറസ്റ്റ് ചെയ്തത്. കുടുംബ വഴക്കിനിടെഅമ്മയെ ഉപദ്രവിച്ചത് മകൾ ചോദ്യം ചെയ്തതാണ് ശശിയെ പ്രകോപിപ്പിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് സംഭവം. പരിക്കേറ്റ അമ്മയും മകളും ചികിത്സ തേടി.

മദ്യപാനിയായ ശശി വീട്ടിൽ നിരന്തരം പ്രശ്നങ്ങളുണ്ടാക്കുമായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഇവരുടെ വീട്ടിലുണ്ടായ വഴക്ക് കയ്യാങ്കളിയിലേക്കെത്തി. ഇതിനിടയിൽ ഭാര്യയെ ശശി മര്‍ദിച്ചു. ഇത് തടയാനെത്തിയ 22 വയസുകാരിയായ മകളെയാണ് ശശി വാളുകൊണ്ട് വെട്ടാൻ ശ്രമിച്ചത്. കഴുത്തിന് നേരെയാണ് ഓങ്ങിയത്. തലനാരിഴയ്ക്കാണ് മകള്‍ രക്ഷപ്പെട്ടത്. തുടര്‍ന്ന് ശശി മകളെയും ഭാര്യയെയും മര്‍ദിക്കുകയായിരുന്നു. അമ്മയും മകളും കരിവെളളൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. പ്രതി ശശിയെ പയ്യന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ വിശദമായി ചോദ്യം ചെയ്തതിനു ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.