+

കുന്നംകുളം കസ്റ്റഡി മർദനം: എസ്ഐ അടക്കം നാലു പേരെ സസ്‌പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ

കുന്നംകുളം പൊലീസ് സ്റ്റേഷനിൽ യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് വി എസ് സുജിത്തിനെ മര്‍ദ്ദിച്ച സംഭവത്തിൽ നാല് പൊലീസുകാര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ. 

തിരുവനന്തപുരം∙; കുന്നംകുളം പൊലീസ് സ്റ്റേഷനിൽ യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് വി എസ് സുജിത്തിനെ മര്‍ദ്ദിച്ച സംഭവത്തിൽ നാല് പൊലീസുകാര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ. ഡിഐജി ഹരി ശങ്കറാണ്  ശുപാർശ ചെയ്തത്. നോർത്ത് സോൺ ഐജി രാജ് പാൽ മീണയ്ക്ക് നൽകിയ റിപ്പോർട്ടിലാണ് ശുപാർശ. ശുപാർശയുടെ അടിസ്ഥാനത്തിൽ നടപടി എടുക്കുമെന്നു സംസ്ഥാന പൊലീസ് മേധാവി രാവാഡ ചന്ദ്രശേഖർ പറഞ്ഞു. 

സുജിത്തിനെ മർദിച്ച കേസിൽ എസ്ഐ നൂഹ്മാൻ, സജീവൻ, സന്ദീപ്, ശശീന്ദ്രൻ എന്നിവർക്കെതിരായാണു നടപടി. സുതാര്യമായ അന്വേഷണം നടക്കുന്നതിന് ഇവരെ സസ്പെൻഡ് ചെയ്യണമെന്ന് ഡിഐജി റിപ്പോർട്ട് ചെയ്തു. മാത്രമല്ല ഇവർക്കെതിരെ കോടതി ക്രിമനൽ കേസും എടുത്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണു സസ്പെൻഡ് ചെയ്യാൻ ശുപാർശ. ആരോപണ വിധേയനായ മറ്റൊരു പൊലീസുകാരനായിരുന്ന ഷുഹൈർ, നിലവിൽ തദ്ദേശവകുപ്പിലാണ് ജോലി ചെയ്യുന്നത്. അതിനാൽ വകുപ്പുതല നടപടി സാധ്യമല്ല.

നടപടി സംബന്ധിച്ചു പൊലീസ് കഴിഞ്ഞ ദിവസം നിയമോപദേശം തേടിയിരുന്നു. നടപടി സംബന്ധിച്ചു നിയമ തടസം വന്നതാണു കാരണം. മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തായ സാഹചര്യത്തിൽ ‘കടുത്ത നടപടി’ വേണമെന്ന് ഡിഐജി ഹരി ശങ്കർ അടക്കമുള്ള ഉദ്യോഗസ്ഥർ നിലപാടെടുത്തിരുന്നു. 

എന്നാൽ കോടതിയിൽ കേസ് നിലനിൽക്കുന്ന സാഹചര്യത്തിൽ പൊലീസ് തുടർ നടപടി എടുത്താൽ അത് തിരിച്ചടിക്കുമെന്ന് ആശങ്കയുയർന്നു. എന്നാൽ നിലവിലുള്ള നടപടി പുനഃപരിശോധിക്കുന്നതിന് കോടതിയിലെ കേസ് തടസമാകില്ലെന്ന് വാദമുണ്ട്. അഭിപ്രായ ഭിന്നതയെ തുടർന്ന് പൊലീസ് നിയമോപദേശം തേടി. കഴിഞ്ഞ ദിവസം സംസ്ഥാന പൊലീസ് മേധാവി രാവാഡ ചന്ദ്രശേഖർ ഉന്നത ഉദ്യോഗസ്ഥരുമായി ഇതു സംബന്ധിച്ചു ചർച്ച നടത്തിയിരുന്നു. 

കേസിൽ ഒരിക്കൽ പൊലീസ് നടപടി എടുത്തിരുന്നു. ഇതു സംബന്ധിച്ച ക്രിമനൽ കേസ് നിലവിൽ കോടതിയുടെ പരിഗണനയിലാണ്. പുതിയ സംഭവങ്ങളെ തുടർന്നു വീണ്ടും നടപടി എടുത്താൽ ആരോപണവിധേയരായ പൊലീസ് ഉദ്യോഗസ്ഥർ മേൽക്കോടതികളെ സമീപിക്കുമെന്ന് ആശങ്ക വന്നു. എന്നാൽ നടപടി പുനഃപരിശോധിക്കുന്നതിനും ഉയർത്തുന്നതിനും കോടതിയിലെ കേസ് തടസമാകില്ലെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നിലപാട് എടുത്തത്.  2023 ലാണ് യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി.എസ്. സുജിത്തിന് കുന്നംകുളം സ്റ്റേഷനിൽ മർദനമേറ്റത്.  

Kunnumkulam custody assault Recommendation to suspend four people including the SI

facebook twitter