കൂത്തുപറമ്പ് : എസ്.ഡി.പി.ഐ പ്രവർത്തകൻ സലാഹുദ്ദീൻ്റെ രക്തസാക്ഷി ദിനത്തിൽ എസ്. ആ കൃതിയിലുള്ള കത്തികൊണ്ടു കേക്ക് മുറിച്ച വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിന് കണ്ടാലറിയാവുന്ന ആർ.എസ്.എസ് പ്രവർത്തകർക്കെതിരെ കണ്ണവം പൊലിസ് സ്വമേധയാ കേസെടുത്തു അന്വേഷണമാരംഭിച്ചു. കഴിഞ്ഞ ദിവസമാണ് സോഷ്യൽ മീഡിയയിൽ പ്രകോപനകരമായ വീഡിയോ പ്രചരിപ്പിക്കപ്പെട്ടത്. അഭിമാനം കണ്ണവം സ്വയം സേവകരെന്നെഴുതിയ കേക്കിന് മുൻപിൽ എസ്. രൂപത്തിലുള്ള കത്തി കുത്തിവെച്ചിരിക്കുന്ന വീഡിയോയാണ് പ്രചരിപ്പിക്കപ്പെട്ടത്. വീഡിയോയിലുള്ളവരടെ മുഖം കാണിച്ചിട്ടില്ല. 2020 സെപ്തംബർ എട്ടിനാണ് സഹോദരിമാർക്കൊപ്പം കണ്ണവം ഭാഗത്തേക്ക് കാറിൽ സഞ്ചരിക്കവെ വാഹനം ബൈക്കിൽ ഇടിച്ചതിനെ തുടർന്ന് റോഡിൽ നിർത്തി ഇറങ്ങിയപ്പോൾ സലാഹുദ്ദീൻ കൊല്ലപ്പെടുന്നത്. ഇതിന് മുൻപായി 2018 ജനുവരി 19 ന് എബിവിപി നേതാവ് ശ്യാമപ്രസാദിനെ വെട്ടി കൊലപ്പെടുത്തിയതിന് ശേഷം നടന്നതായിരുന്നു സലാഹുദ്ദീൻ്റെ 'കൊല്ലപാതകം.
കാറിലെത്തിയ പോപ്പുലർ ഫ്രണ്ട് മുഖംമൂടി സംഘം ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന ശ്യാമപ്രസാദിനെ ഇടിച്ചു വീഴ്ത്തിയതിനു ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പിൻതുടർന്ന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.കാക്കയങ്ങാട് ഗവ. ഐടിഐ വിദ്യാര്‍ഥിയായിരുന്ന ശ്യാമപ്രസാദ് ആര്‍എസ്എസ് കണ്ണവം പതിനേഴാംമൈൽ ശാഖ മുഖ്യശിക്ഷകായിരുന്നു. നെടും പൊയിൽ റോഡിൽ ബൈക്കിൽ സുഹൃത്തിനൊപ്പം സഞ്ചരിക്കുമ്പോഴാണ് കാറിലെത്തിയ പോപ്പുലർ ഫ്രണ്ട് സംഘം ശ്യാമപ്രസാദിനെ ബൈക്കിൽ കാറിടിച്ചു വീഴ്ത്തി വെട്ടുന്നത് പ്രാണരക്ഷാർത്ഥം അടുത്തുള്ള വീട്ടിലേക്ക് ശ്യാമപ്രസാദ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വരാന്തയിലിട്ടു വെട്ടി കൊല്ലുകയായിരുന്നു.
സലാഹുദ്ദീൻ കൊല്ലപ്പെട്ടതിൻ്റെ അഞ്ചാം വാർഷികദിനമായ തിങ്കളാഴ്ച്ചയാണ് ദുർഗാ നഗർ ചുണ്ടയിലെന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പ്രകോപനപരമായ വീഡിയോ പ്രചരിച്ചത്. കണ്ണൂർ സൈബർ സെല്ലിൻ്റെ സഹായത്തോടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൻ്റെ ഉടമയ്ക്കായി കണ്ണവം പൊലിസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. വീഡിയോ പ്രചരിപ്പിച്ച വർക്കെതിരെ ഭാരതീയന്യായസംഹിത വകുപ്പുകളായ 153 (എ) വിദ്വേഷം പ്രചരിപ്പിക്കൽ,295 (എ) മതവികാരം വ്രണപ്പെടുത്തൽ എന്നിവ പ്രകാരമാണ് കേസെടുത്തത്. അക്രമ മൊഴിവാക്കുന്നതിനായി കണ്ണവം മേഖലയിൽ പൊലിസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.