+

മട്ടന്നൂരിൽ വൻ ജ്വല്ലറി തട്ടിപ്പ്: ഉടമകൾ ഉൾപ്പെടെ 6 പേർക്കെതിരെ കേസ്

പഴയ സ്വർണാഭരണം നിക്ഷേപിച്ചാൽ പണം ഈടാക്കാതെ  അതേ തൂക്കത്തിന് പുതിയ സ്വർണാഭരണം നൽകുമെന്നും ആഴ്ചയിലും മാസത്തിലും നിശ്ചിത തുക നിക്ഷേപിച്ചാൽ മുൻകൂറായി സ്വർണാഭരണം നൽകുമെന്നും വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത് ജ്വല്ലറി ഉടമകൾ മുങ്ങി.


മട്ടന്നൂർ: പഴയ സ്വർണാഭരണം നിക്ഷേപിച്ചാൽ പണം ഈടാക്കാതെ  അതേ തൂക്കത്തിന് പുതിയ സ്വർണാഭരണം നൽകുമെന്നും ആഴ്ചയിലും മാസത്തിലും നിശ്ചിത തുക നിക്ഷേപിച്ചാൽ മുൻകൂറായി സ്വർണാഭരണം നൽകുമെന്നും വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത് ജ്വല്ലറി ഉടമകൾ മുങ്ങി. മട്ടന്നൂരിലെ മൈ ഗോൾഡ് ജ്വല്ലറി പാർട്ണർമാരായ മുഴക്കുന്നിലെ തഫ്‌സീർ, ഫാസിൽ ഉൾപ്പെടെ ആറുപേർക്കെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങി. കൂത്തുപറമ്പ് എ.സി.പി: കെ.വി പ്രമോദന്റെ നിർദേശപ്രകാരം മട്ടന്നൂർ സി.ഐ: എ. അനിൽകുമാർ, എസ്.ഐ: വിനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. തട്ടിപ്പിനിരയായ എളമ്പാറയിലെ ഷഫീലിന്റെ പരാതിയിലാണ് കേസെടുത്തത്. ഷഫിൽ പരാതി നൽകിയതിന് പിറകെ നിരവധി പേർ സമാന പരാതിയുമായി മട്ടന്നൂർ പോലീസ് സ്റ്റേഷനിലെത്തി. 

പഴയ സ്വർണാഭരണത്തിന് അതേ തൂക്കത്തിൽ പുതിയ സ്വർണാഭരണം നൽകാമെന്ന് വിശ്വസിപ്പിച്ചാണ് ഷഫീലിൽ നിന്ന് പണം തട്ടിയെടുത്തത്. 19,47,533 രൂപ വിലമതിക്കുന്ന പഴയ സ്വർണാഭരണമാണ് ഷഫീലിൽ നിന്ന് കൈക്കലാക്കിയത്. എന്നാൽ പുതിയ സ്വർണാഭരണം നൽകാൻ തയ്യാറായില്ല.  പണം തിരിച്ചുനൽകിയതുമില്ല. ഇതേത്തുടർന്നാണ് പോലീസിൽ പരാതി നൽകിയത്. ആഴ്ചയിലും മാസത്തിലും നിശ്ചിത തുക നിക്ഷേപിച്ചാൽ ഒരു ഘട്ടമെത്തുമ്പോൾ നിക്ഷേപിച്ച തുകയെക്കാൾ കൂടുതൽ രൂപ വിലമതിക്കുന്ന സ്വർണാഭരണം നൽകുമെന്നായിരുന്നു ജ്വല്ലറിയുടെ മറ്റൊരു വാഗ്ദാനം.

 ഉദാഹരണത്തിന് ആഴ്ചയിലും മാസത്തിലും പണം നിക്ഷേപിച്ച് 50,000രൂപയിൽ എത്തിയാൽ ഒന്നോ ഒന്നര പവനോ സ്വർണാഭരണങ്ങൾ നൽകും. ബാക്കി തുക ഗഡുക്കളായി തിരിച്ചടച്ചാൽ മതിയെന്നായിരുന്നു വാഗ്ദാനം. ഈ വാഗ്ദാനത്തിൽ വിശ്വസിച്ച് നൂറുകണക്കിന് ആളുകളാണ് സ്‌കീമിൽ ചേർന്നത്. പണം നിക്ഷേപിച്ച അവർക്കും ആഭരണം ലഭിച്ചില്ല. പണം തിരിച്ചുലഭിച്ചതുമില്ല. ജ്വല്ലറി ഇപ്പോൾ അടച്ചനിലയിലാണ്. ഇതോടെയാണ് വഞ്ചിക്കപ്പെട്ടൂവെന്നകാര്യം ഉപഭോക്താക്കൾക്ക് മനസിലായത്. ജ്വല്ലറി പാർട്ണർമാർ എവിടെയാണെന്ന് വ്യക്തമല്ല. ഒളിവിലാണെന്നാണ് സൂചന.

facebook twitter