പുതിയ ബഗ്ഗുമായി എത്തി ലക്ഷക്കണക്കിന് ഉപയോക്താക്കളെ വട്ടം കറക്കി മെറ്റയുടെ വാട്സ്ആപ്. വാട്‌സ്ആപ്പ് വെബ് വേർഷനിലാണ് ജോലി ചെയ്യുന്ന പ്രൊഫഷണലുകളെ അടക്കം ബുദ്ധിമുട്ടിച്ച ബഗ് പ്രത്യക്ഷപ്പെട്ടത്. ചാറ്റുകൾ സ്‌ക്രോൾ ചെയ്യാൻ സാധിക്കാതെ കുഴഞ്ഞതോടെ സോഷ്യൽ മീഡിയയിൽ പരാതി പ്രവാഹമായി. മൗസായാലും ടച്ച് പാഡായാലും മുകളിലേക്കോ താഴേക്കോ സ്ക്രോൾ ചെയ്യാനോ, മുൻപ് വന്ന മെസേജുകൾ കാണാനോ സാധിക്കാതെ വന്നത് നിരവധി പേരെ ബാധിച്ചു.
തൊഴിലിടങ്ങളിലാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കിയത്. വാട്‌സ്ആപ്പ് വെബ് വേർഷനിൽ മാത്രമാണ് ഈ പ്രശ്നം വന്നത്. മൊബൈൽ ആപ്ലിക്കേഷനിൽ ഈ ബഗ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. എത്രയും വേഗം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പരാതികൾ വന്നെങ്കിലും ഇതുവരെയും മെറ്റക്ക് ഇതിന് പരിഹാരം കാണാനായിട്ടില്ല.
ആദ്യമായിട്ടല്ല, മെറ്റയുടെ കീഴിലുള്ള ആപ്പുകൾക്ക് പ്രശ്നം സംഭവിക്കുന്നത്. ബഗ്ഗുകൾ പലപ്പോഴും ലക്ഷക്കണക്കിന് ഉപയോക്താക്കളെ ബാധിക്കുകയും പിന്നീട് മെറ്റ അത് പരിഹരിക്കുകയും ചെയ്യും. പലപ്പോഴും വിമർശനങ്ങൾ മാത്രമല്ല, സമൂഹ മാധ്യമങ്ങളിൽ വമ്പൻ ട്രോളുകൾക്കും ഇത്തരം ടെക്നിക്കൽ പ്രശ്നങ്ങൾ കാരണമാകാറുണ്ട്. ഇത്തവണയും സക്കർബർഗിന് കണക്കിന് ‘പൊങ്കാല’ എക്സ് അടക്കമുള്ള പ്ലാറ്റ്ഫോമുകളിൽ കിട്ടുന്നുണ്ട്