കോഴിക്കോട് : നിപ ബാധയെത്തുടർന്ന് രണ്ട് വർഷത്തോളമായി ചലനശേഷിയില്ലാതെ കഴിയുന്ന മംഗളൂരു മർദാല സ്വദേശിയായ ആരോഗ്യ പ്രവർത്തകൻ ടിറ്റോ തോമസിനും കുടുംബത്തിനും സർക്കാറിന്റെ കൈത്താങ്ങ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് അനുവദിച്ച 17 ലക്ഷം രൂപയുടെ ചെക്ക് തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ മാതാപിതാക്കൾക്ക് കൈമാറി. ടിറ്റോ ചികിത്സയിൽ കഴിയുന്ന കോഴിക്കോട് ഇഖ്റ ആശുപത്രിയിൽ എത്തിയാണ് ധനസഹായം കൈമാറിയത്. കോഴിക്കോട് തഹസിൽദാർ എ എം പ്രേംലാൽ, ഇഖ്റ ഹോസ്പിറ്റൽ എക്സിക്യൂട്ടീവ് ഡയറക്ടർ പി സി അൻവർ, ജെഡിടി ട്രഷറർ ആരിഫ് തുടങ്ങിയവർ സംബന്ധിച്ചു.
2023ലാണ് ഇഖ്റ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ നഴ്സായിരുന്ന ടിറ്റോ തോമസിന് അവിടെ ചികിത്സ തേടിയെത്തിയ ആളിൽനിന്ന് വൈറസ് ബാധയേറ്റത്. പരിശോധനയിൽ നിപ എൻസഫലൈറ്റിസ് സ്ഥിരീകരിക്കുകയായിരുന്നു. രോഗം സ്ഥിരീകരിച്ചത് മുതൽ ഇതേ ആശുപത്രിയിൽ ചികിത്സയിലാണ് 26കാരൻ. കൂട്ടിന് പിതാവ് ടി സി തോമസും മാതാവ് ഏലിയാമ്മയുമുണ്ട്.