തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിൽ ഉണ്ടായ തീപിടുത്തം : വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന നേതാക്കൾ സന്ദശിച്ചു

11:23 PM Oct 11, 2025 | Desk Kerala

തളിപറമ്പ: തളിപ്പറമ്പിൽ കെ.വി കോംപ്ലക്സ് എന്ന വ്യാപാര സമുച്ചയത്തിൽ ഉണ്ടായ തീപിടുത്തത്തിൽ നൂറ്റിപ്പതിനൊന്നു മുറികളിലായി പ്രവർത്തിച്ച നൂറ്റിഇരുപത്തിരണ്ട് സംരഭകരുടെ മുപ്പത്തിയേഴ് സ്ഥാപനങ്ങളാണ് കത്തി നശിച്ചത്. ഈ സ്ഥാപനങ്ങളിൽ ജോലി ചെയ്തിരുന്ന മുന്നൂറ്റിമുപ്പത്തി ഏഴോളം ജീവനക്കാർ ഇവരിൽ 14 ഭിന്നശേഷിക്കാരും ഉണ്ട്. 

ഇവരെല്ലാം തൊഴിൽ നഷ്ടപ്പെട്ടിരിക്കുകയാണ്. സമൂഹത്തിൽ വലിയ സഹായങ്ങൾ നൽകുന്നവരാണ് വ്യാപാരികൾ. കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് കോടികൾ നികുതി നൽകുന്നുണ്ട്. അതുകൊണ്ട് തന്നെ വ്യാപാരികളെ ദുരിതത്തിൽ നിന്നും കരകയറ്റുക എന്നത് സർക്കാരിൻ്റെ ബാധ്യതയാണ്. സർക്കാർ അത് നല്ല രീതിയിൽ നിർവ്വഹിക്കും എന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്. 

ദുരന്ത വിവരം അറിഞ്ഞ ഉടൻ തന്നെ എം.വി ഗോവിന്ദൻ എം.എൽ.എയുമായും ധനമന്ത്രിയുമായും ബന്ധപ്പെട്ടിരുന്നു. തളിപ്പറമ്പിലെ വ്യാപാരി സമൂഹവുമായി അടുത്ത ബന്ധമുള്ള ആളാണ് എം.എൽ.എ. സംസ്ഥാനത്ത് നേരത്തേ ഇത്തരത്തിൽ ഉണ്ടായ ദുരന്തങ്ങളിൽ പിന്തുടർന്നു വരുന്ന മാതൃകയിൽ തന്നെ സഹായം ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. 

വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ 2 കോടി ധനസഹായമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. സംസ്ഥാന കമ്മറ്റിയുടെ സഹായവും എക്സിക്യൂട്ടിവ് കമ്മറ്റി യോഗത്തിനു ശേഷം പ്രഖ്യാപിക്കും. സംഭവവുമായി ബന്ധപെട്ട് ആർ.ഡി.ഒ നൽകിയ പ്രാഥമിക റിപ്പോർട്ടിൽ 5 കോടിയാണ് നഷ്ടമെന്ന് പറയുന്നതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതായി മനസിലാക്കുന്നു. 

ഇത് തെറ്റായ കണക്കാണ്. കെട്ടിടങ്ങൾക്ക് ഉണ്ടായ നാശനഷ്ടത്തിന് പുറമെ 40 കോടി നഷ്ടമുണ്ടായതായാണ്  ഞങ്ങൾ പ്രാഥമികമായി വിലയിരുത്തുന്നത്. സംരഭകരെ വിളിച്ച് സ്റ്റോക്ക് സംബന്ധിച്ച വിവരങ്ങളും ജി.എസ്.ടി അടച്ചതും പരിശോധിച്ചാൽ തന്നെ നഷ്ടം മനസിലാകുമെന്നും രാജു അപ്സര പറഞ്ഞു.

സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി, വൈസ് പ്രസിഡൻ്റ് ബാബു കോട്ടയിൽ, പി. ബാഷിത്, എം.പി തിലകൻ, ജില്ലാ എക്സിക്യട്ടീവ് മെമ്പർമാർ, തളിപ്പറമ്പ് മർച്ചൻ്റ്സ് അസോസിയേഷൻ നേതാക്കളായ കെ.എസ് റിയാസ്, വി. താജുദ്ദീൻ, ടി. ജയരാജ് തുടങ്ങിയവരും ഉണ്ടായിരുന്നു.