തളിപ്പറമ്പിലെ തീപ്പിടിത്ത സ്ഥലത്തു നിന്നും നഷ്ടപ്പെട്ട പണം സഹകരണ സംഘം ജീവനക്കാരന് പൊലിസ് തിരിച്ചു നൽകി

08:16 AM Oct 12, 2025 | Desk Kerala

തളിപ്പറമ്പ്: തളിപ്പറമ്പ് ബസ് സ്റ്റാൻഡിന് സമീപംതീപിടുത്ത സ്ഥലത്തുനിന്നും ലഭിച്ച പണം ഉടമസ്ഥന് തിരിച്ചുനല്‍കി തളിപ്പറമ്പ് പൊലിസ് ' തളിപ്പറമ്പ് ചെത്തുതൊഴിലാളി സഹകരണ സംഘത്തിലെ ജീവനക്കാരന്‍ കൂവോട്ടെ പ്രശാന്ത്കുമാറിന്റെ പണമാണ് നഷ്ടപ്പെട്ടത്.

തീപിടുത്ത വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പ്രശാന്ത് കുമാര്‍ സ്ഥലത്തുവെച്ച് ഫയര്‍ഫോഴ്‌സ് വെള്ളം ചീറ്റുമ്പോള്‍ നനഞ്ഞതിനാല്‍ പോക്കറ്റില്‍ നിന്നും അരയില്‍ തിരുകിവെച്ച പണവും കടലാസുകളും നഷ്ടപ്പെടുകയായിരുന്നു. വിവരം സി.പി.എം തളിപ്പറമ്പ് ഏരിയാ കമ്മറ്റി അംഗം ടി.ബാലകൃഷ്ണനേയും മിൽമ ബൂത്തിലെ രതീഷിനേയും അറിയിച്ചു.

അന്നേ ദിവസംരാത്രി പതിനൊന്നരവരെ അന്വേഷണം നടത്തിയെങ്കിലും പണം കിട്ടാതെ നിരാശനായി വീട്ടിലേക്ക് മടങ്ങുകയായിരുന്നു.ഇതിനിടെ ടി.ബാലകൃഷ്ണന്‍ വിവരം പോലീസിനെ ധരിപ്പിക്കുകയും ചെയ്തിരുന്നു. പൊലീസ് സ്‌റ്റേഷനില്‍ പണം ലഭിച്ചതായും തെളിവ് ഹാജരാക്കി വാങ്ങണമെന്നും രതീഷ് രാവിലെ പ്രശാന്ത്കുമാറിനെ വിളിച്ചു പറഞ്ഞു. പണം ലഭിച്ച എ.എസ്.ഐ പ്രീത അത് സ്റ്റേഷനില്‍ ഏല്‍പ്പിച്ചിരുന്നു. പൊലിസ് സ്റ്റേഷനില്‍ വെച്ച് എ.എസ്.ഐ പ്രീത പണം പ്രശാന്തിന് തിരിച്ചു നല്‍കി.