തളിപ്പറമ്പ് : ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ വെള്ളാരംപാറയിൽ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ചെങ്കൽ പണയിൽ മാലിന്യങ്ങൾ തള്ളിയതിന് നാല് കേസുകളിലായി 27500 രൂപ പിഴ ചുമത്തി. കുറുമാത്തൂരിൽ പ്രവർത്തിച്ചു വരുന്ന ഫാത്തിമ ഡെന്റൽ ക്ലിനിക് എന്ന സ്ഥാപനത്തിലെ നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷമുള്ള മാലിന്യങ്ങളും മറ്റു അജൈവ മാലിന്യങ്ങളും തള്ളിയതിന് ഡെന്റൽ ക്ലിനിക്കിന് 10000 രൂപ പിഴ ചുമത്തി.
ചെങ്കൽ പണയിൽ വലിയ തോതിൽ ഉപയോഗ ശൂന്യമായ ചെരുപ്പുകൾ ചാക്കുകളിലാക്കി തള്ളിയതിന് കുറുമാത്തൂരിൽ ചെരുപ്പ് വ്യാപാരം നടത്തി വരുന്ന കെ.പി മുഹമ്മദ് എന്ന വ്യക്തിക്ക് 5000 രൂപയും പിഴയിട്ടു. കല്യാണവുമായി ബന്ധപ്പെട്ട് ജൈവ അജൈവ മാലിന്യങ്ങൾ ഇരുപതോളം ഗാർബജ് ബാഗുകളിൽ തള്ളിയതിന് അബ്ദുൽ സലാം എന്ന വ്യക്തിക്കും സ്‌ക്വാഡ് 5000 രൂപ പിഴ ചുമത്തി.
പ്രദേശത്ത് മാലിന്യം തള്ളിയവരെ വിളിച്ചു വരുത്തുകയും മാലിന്യങ്ങൾ ഉടൻ തന്നെ നീക്കം ചെയ്യാനുള്ള നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകുകയും ചെയ്തു. പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ പി.പി അഷ്‌റഫ്, സ്‌ക്വാഡ് അംഗങ്ങൾ അലൻ ബേബി, സി.കെ ദിബിൽ, കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ ടി. രമ്യ എന്നിവർ പങ്കെടുത്തു.