പെരളശ്ശേരി ബോംബാക്രമണം സിപിഎം നേതൃത്വത്തിന്റെ അറിവോടെ : ബിജു ഏളക്കുഴി

09:30 AM Oct 15, 2025 | Neha Nair

തലശ്ശേരി : പെരളശ്ശേരി പള്ള്യത്ത് വീട്ടിന് നേരെ സിപിഎം സംഘം ബോംബെറിഞ്ഞത് ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണെന്ന് ബിജെപി കണ്ണൂർ സൗത്ത് ജില്ലാ പ്രസിഡന്റ് ബിജു ഏളക്കുഴി. തങ്ങളുടെ സ്വാധീന കേന്ദ്രത്തിൽ മറ്റ് പ്രസ്ഥാനങ്ങളെ ഒന്നും പ്രവർത്തിക്കാനനുവദിക്കില്ലെന്ന ഫാസിസ്റ്റ് ചിന്തയിൽ നിന്നാണ് ഇത്തരം അക്രമം ഉടലെടുക്കുന്നത്. 

വിവിധ പ്രത്യയ ശാസ്ത്രങ്ങളെ വിശാല മനസ്സോടെ സ്വാഗതം ചെയ്യുന്ന പൊതുസമൂഹത്തിന്റെ മാറ്റത്തെ  ഉൾക്കൊള്ളാനോ അംഗീകരിക്കാനോ സിപിഎം നേതൃത്വം ഇപ്പോഴും തയ്യാറല്ല. സമാധാനത്തിന്റെയും വികസനത്തിന്റെയും വിശാലമായ കാഴ്പ്പാടുകൾ ഉൾക്കൊള്ളാതെ വെറുപ്പിന്റെയും സങ്കുചിത ചിന്തയുടെയും നിലപാടുകളാണ് സിപിഎം ഇപ്പോഴും പിൻതുടരുന്നത്. സമൂഹത്തിൽ വളർന്നു വരുന്ന തുറന്ന കാഴ്ചപ്പാടുകൾക്ക് നേരെ സിപിഎം നേതൃത്വം  പുറം തിരിഞ്ഞ് നിൽക്കുകയാണ്. 

ആശയത്തെ ആശയം കൊണ്ട് നേരിടുന്നതിന് പകരം ആയുധം കൊണ്ടും ഭീഷണികൊണ്ടും നേരിടാമെന്നാണ് സിപിഎം നേതൃത്വം ചിന്തിക്കുന്നത്. പെരളശ്ശേരിയിൽ ബിജെപി ഓഫീസ് പ്രവർത്തിക്കുന്നതിന് കെട്ടിടം നൽകിയെന്നതിന്റെ പേരിൽ ഉടമസ്ഥയ്ക്ക് സിപിഎം നേതൃത്വത്തിന്റെ നിരന്തരമായ ഭീഷണിയുണ്ടായിരുന്നു. ഭീഷണി വിലപ്പോവില്ലെന്ന് കണ്ടപ്പോഴാണ് വീട്ടിന് നേരെ ബോംബെറിഞ്ഞത്. ജില്ലിയിൽ നിലനിൽക്കുന്ന സമാധാന അന്തരീക്ഷം തകർക്കാനാണ് സിപിഎം ഇത്തരത്തിൽ അക്രമം നടത്തുന്നത്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. 

ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ കുട്ടികളെയും സ്ത്രീകളെയും അണി നിരത്തി നടത്തിയ ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയ്ക്ക് നേരെ  ചിറ്റാരിപ്പറമ്പിൽ സിപിഎമ്മുകാർ പരസ്യമായി അക്രമം നടത്തിയിരുന്നു. ഇത്തരം നിരവധി അക്രമ സംഭവങ്ങൾ ജില്ലയിലുണ്ടായിട്ടുണ്ട്. അഴിമതിയിലും വികസന മുരടിപ്പിലും പൂർണ്ണമായും പ്രതിസ്ഥാനത്തായ സിപിഎം തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ എതിരാളികളെ ഭീഷണിപ്പെടുത്തി വായടപ്പിക്കാമെന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും ഇത് വിലപ്പോവില്ലെന്നും ബിജു ഏളക്കുഴി പറഞ്ഞു.