കണ്ണൂർ :കെ- സ്മാർട്ട് സോഫ്റ്റ്വെയർ നടപ്പാക്കിയതിലൂടെ തദ്ദേശസ്ഥാപനങ്ങളുടെ വരുമാനം വർദ്ധിച്ചെന്നു വരുത്തി തദ്ദേശസ്ഥാപനങ്ങൾക്ക് ലഭിക്കേണ്ട വരുമാനത്തെ സർക്കാർ ഉത്തരവിലൂടെ കൊള്ളയടിക്കുകയാണെന്ന് കൗൺസിൽ യോഗം ആരോപിച്ചു. വരുമാനത്തിന്റെ 2.5 ശതമാനം സോഴ്സ് ഓട്ടോ ഡിഡക്ഷൻ വഴി ഐ.കെ എമ്മിന് ലഭ്യമാക്കുന്ന നടപടി അംഗീകരിക്കുകയില്ലെന്നും കോടതിയെ സമീപിക്കുമെന്നും മേയർ മുസ്ലിഹ് മഠത്തിൽ പറഞ്ഞു. തദ്ദേശസ്ഥാപനങ്ങൾ വഴി ലഭിക്കുന്ന സേവനങ്ങൾക്ക് നിശ്ചിത ഫീസ് ഐ.കെ എം പിരിച്ചെടുക്കുന്നതിന് ഉത്തരവിറക്കിയിരുന്നു .
ഇതിനു പിന്നാലെയാണ് തദ്ദേശ സ്ഥാപനത്തിന് ലഭിക്കുന്ന തനത് വരുമാനത്തിൽ നിന്നും 2.5 ശതമാനം കൂടി പിരിച്ചെടുക്കുന്നതിനുള്ള ഉത്തരവ് . അതോടൊപ്പം ലേബർ വകുപ്പിൻ്റെ ചുമതലയിലുള്ള ലേബർ സെസ് പിരിച്ചെടുക്കുന്ന തദ്ദേശസ്ഥാപനങ്ങളെ ചുമതലപ്പെടുത്തുകയും ഒരു ശതമാനം തുക തദ്ദേശസ്ഥാപനത്തിന് അനുവദിക്കുകയും ചെയ്തിരുന്നു എന്നാൽ ഈ 1% തുകയും ഐ കെ എമ്മിന് എന്ന നിലക്ക് ഉത്തരവ് തിരുത്തുകയും ചെയ്തിട്ടുണ്ട് . ഇവരുടെ നടത്തിപ്പിനുവേണ്ടി ഓരോ തദ്ദേശസ്ഥാപനങ്ങളും ലക്ഷക്കണക്കിന് രൂപ ഓരോ വർഷവും പദ്ധതിയിനത്തിലും മറ്റും നൽകുന്നുണ്ട്.
കൂടാതെ ടെക്നിക്കൽ അസിസ്റ്റൻറ് മാർക്കുള്ള ശമ്പളം അതാത് തദ്ദേശസ്ഥാപനങ്ങളാണ് നൽകുന്നത്. സർക്കാരിൻ്റെ ഈ ഉത്തരവ് തദ്ദേശസ്ഥാപനങ്ങളുടെ നിലനിൽപിന്നെ തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. വികസന പ്രവർത്തനങ്ങൾക്ക് വരുമാനം കണ്ടെത്താൻ കഷ്ടപ്പെടുന്ന പല തദ്ദേശസ്ഥാപനങ്ങളുമുണ്ട്.ഇപ്പോൾ കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന കൊള്ളയുടെ ഒരു ഭാഗമായി ഇതിനെ കാണേണ്ടിവരുമെന്നും ഡെപ്യൂട്ടി മേയർ പറഞ്ഞു
താഴെ ചൊവ്വയിൽ പണി പൂർത്തീകരിച്ച വഴിയോര വിശ്രമ കേന്ദ്രത്തിൻ്റെ നടത്തിപ്പിന് ടെണ്ടർ ക്ഷണിക്കുന്നതിനും തീരുമാനിച്ചു . മൾട്ടി ലെവൽ കാർ പാർക്കിങ്ങിന്റെ പ്രവർത്തി പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും ഈ ഭരണസമിതിയുടെ കാലാവധിക്ക് മുൻപെ ഉദ്ഘാടനം ചെയ്യാൻ സാധിക്കുമെന്നും മേയർ പറഞ്ഞു. യോഗത്തിൽ ഡെപ്യൂട്ടി മേയർ പി.ഇന്ദിര, സ്ഥിരംസമിതി അധ്യക്ഷന്മാരായ പി കെ രാഗേഷ്, എം പി.രാജേഷ്, വി കെ ശ്രീലത, സയ്യിദ് സിയാദ് തങ്ങൾ , ഷാഹിന മൊയ്തീൻ, സുരേഷ് ബാബു എളയാവൂർ കൗൺസിലർമാരായ ടി.ഒ. മോഹനൻ , കെ പി അബ്ദുൽ റസാഖ് , എൻ സുകന്യ , കെ.പ്രദീപൻ എന്നിവർ സംസാരിച്ചു