+

തളിപ്പറമ്പ സർ സയ്യിദ് കോളേജിൽ എത്തനോ ബോട്ടാണിക്കൽ ഗാർഡൻ ഉത്ഘാടനവും ദേശീയ സെമിനാറും 22 ന് ആരംഭിക്കും

സർ സയ്യിദ് കോളേജ് സസ്യശാസ്ത്ര വിഭാഗം കേരള സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റെ സാമ്പത്തിക സഹായത്തോടെ സ്ഥാപിച്ച എത്തനോബോട്ടാണിക്കൽ ഗാർഡൻ (Ethnobotanical Garden) ഉത്ഘാടനവും  അതിനോടനുബന്ധിച്ചുള്ള ദേശീയ സെമിനാറും ഒക്ടോബർ 22, 23 തീയതികളിലായി സർ സയ്യിദ് കോളേജിൽ നടക്കും

 തളിപ്പറമ്പ : സർ സയ്യിദ് കോളേജ് സസ്യശാസ്ത്ര വിഭാഗം കേരള സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റെ സാമ്പത്തിക സഹായത്തോടെ സ്ഥാപിച്ച എത്തനോബോട്ടാണിക്കൽ ഗാർഡൻ (Ethnobotanical Garden) ഉത്ഘാടനവും  അതിനോടനുബന്ധിച്ചുള്ള ദേശീയ സെമിനാറും ഒക്ടോബർ 22, 23 തീയതികളിലായി സർ സയ്യിദ് കോളേജിൽ നടക്കും. വയനാട് ജില്ലയിലെ കുറിച്യ, പണിയ, കാട്ടുനായ്ക്ക വിഭാഗങ്ങളും കണ്ണൂർ ജില്ലയിലെ കരിമ്പാലർ, കാസറഗോഡ് ജില്ലയിലെ കൊറഗർ എന്നീ അഞ്ച് ആദിവാസി സമൂഹങ്ങളുടെ സസ്യവിജ്ഞാന പാരമ്പര്യത്തെ ആസ്പദമാക്കി രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ ഉദ്യാനം വിദ്യാർത്ഥികൾക്കും ഗവേഷകർക്കും പാരമ്പര്യ വൈദ്യന്മാർക്കും ശാസ്ത്രീയ അറിവും പ്രായോഗിക പരിചയവും പകർന്നു നൽകുന്ന വിധത്തിലാണ് രൂപീകരിച്ചിരിക്കുന്നത്.

The inauguration of the Ethno Botanical Garden and the National Seminar at Sir Syed College, Taliparamba will begin on the 22nd.

ആദിവാസികൾ പരമ്പരാഗതമായി ഉപയോഗിച്ചിരുന്ന ഔഷധസസ്യങ്ങളും അവയുമായി ബന്ധപ്പെട്ട പാരമ്പര്യ അറിവുകളും ശാസ്ത്രീയമായി രേഖപ്പെടുത്തി ഈ ഉദ്യാനത്തിൽ സംരക്ഷിച്ചിരിക്കുന്നു. പൈതൃകമായി പകർന്നുകിട്ടിയതും ഇന്നും പ്രാബല്യത്തിലുള്ളതുമായ ആദിവാസി ഔഷധപരിചരണ രീതികളെ പ്രതിനിധാനം ചെയ്യുന്ന 114 ഔഷധസസ്യങ്ങളാണ് ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നത്.

ഉത്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന രണ്ട് ദിവസത്തെ ദേശീയ സെമിനാറിൽ ഇന്ത്യയിലെ വിവിധ ഗവേഷണ സ്ഥാപനങ്ങളിൽ നിന്നുള്ള അഞ്ചു പ്രമുഖ ശാസ്ത്രജ്ഞർ ഏഴു വ്യത്യസ്ത വിഷയങ്ങളിലായി പ്രബന്ധങ്ങൾ അവതരിപ്പിക്കും.

 കേരള സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റെ ചെയർമാൻ ഡോ. എൻ. അനിൽകുമാർ പരിപാടി ഉത്ഘാടനം ചെയ്യും. ബോർഡ് മെമ്പർ സെക്രട്ടറി ഡോ. വി.ബാലകൃഷ്ണൻ അധ്യക്ഷനാകും. വയനാട്ടിലെ ആദിവാസി കുറിച്യ സമൂഹത്തിലെ പത്മശ്രീ ചെറുവയൽ രാമനും,  തളിപ്പറമ്പ നഗര സഭ ചെയർ പേഴ്സൺ മുർഷിദ കോങ്ങായിയും മുഖ്യ അതിഥികളായി പങ്കെടുക്കും. സിഡിഎംഇഎ പ്രസിഡന്റ് അഡ്വ. പി. മഹമൂദ്, ജനറൽ സെക്രട്ടറി മഹമൂദ് അള്ളാംകുളം, കോളേജ് പ്രിൻസിപ്പാൾ ഡോ. ഇസ്മായിൽ ഒലായിക്കര, മുനിസിപ്പൽ സെക്രട്ടറി കെ പി സുബൈർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

വിവിധ  ഗവേഷണ സ്ഥാപനങ്ങളിലെയും കോളേജുകളിലെയും ഗവേഷകർ, വിദ്യാർത്ഥികൾ, തളിപ്പറമ്പ ബ്ലോക്കിലെ വിവിധ പഞ്ചായത്തുകളിലെ ജൈവ വൈവിധ്യ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ, പാരമ്പര്യ വൈദ്യന്മാർ  ഈ ചടങ്ങിൽ പങ്കെടുക്കും. പത്ര സമ്മേളനത്തിൽ ബോട്ടണി വകുപ്പ് മേധാവി ഡോ. ശ്രീജ പി, ഡോ. താജോ അബ്രഹാം,
കോൺഫറൻസ് കൺവീനർ ഡോ. അബ്ദുസ്സലാം എ കെ,
പങ്കെടുത്തു.

facebook twitter