കണ്ണൂർ : ഡിജിറ്റൽ സർവ്വേ നടപടികൾ പൂർത്തിയാക്കിയ ജില്ലയിലെ ആദ്യത്തെ വില്ലേജായ കണ്ണൂർ 2 വില്ലേജ് പുതിയ ഭൂമിരേഖകൾ റവന്യൂവകുപ്പിനു കൈമാറി. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി ജില്ലാ കലക്ടർ അരുൺ കെ വിജയൻ ഉദ്ഘാടനം നിർവഹിച്ചു. സർവ്വേ അസിസ്റ്റന്റ് ഡയറക്ടർ സുനിൽ ഫെർണാണ്ടസ് അധ്യക്ഷനായി.
എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്' എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ ആരംഭം കുറിച്ച ഡിജിറ്റൽ സർവ്വേയുടെ ഭാഗമായി ജില്ലയിൽ ഇതിനോടകം മൂന്ന് ഘട്ടങ്ങളിലായി 50 വില്ലേജുകളിലാണ് സർവ്വേ ജോലികൾ ആരംഭിച്ചത്. അവയിൽ 30 വില്ലേജുകൾ പ്രാഥമിക സർവ്വേ ജോലികൾ പൂർത്തിയാക്കി സർവെ അതിരടയാള നിയമം 9(2) പ്രകാരം പൊതുജനങ്ങൾക്ക് പരിശോധിക്കുന്നതിനായി പ്രദർശിപ്പിച്ചിട്ടുണ്ട്. ഘട്ടം ഘട്ടമായി വരും ദിവസങ്ങളിൽ ഈ വില്ലേജുകൾ റവന്യൂ ഭരണത്തിന് കൈമാറും. അതോടെ നികുതി പിരിവ് ഉൾപ്പെടെയുള്ള ഭൂമി സംബന്ധമായ എല്ലാ സേവനങ്ങളും പുതിയ റിക്കാർഡുകളുടെ അടിസ്ഥാനത്തിലായിരിക്കും ലഭ്യമാവുക.
ജനങ്ങൾക്കു ഭൂമി കൈമാറ്റം, ഭൂമി തരംതിരിക്കൽ, കരം അടക്കൽ ഉൾപ്പെടെയുള്ള സേവനങ്ങൾ 'എന്റെ ഭൂമി' പോർട്ടലിൽ ലഭിക്കും. ഇവിടുത്തെ ഭൂ ഉടമകൾക്ക് 'എന്റെ ഭൂമി' പോർട്ടലിൽ മൊബൈൽ നമ്പർ വഴി രജിസ്റ്റർ ചെയ്ത് ഭൂവിവരങ്ങൾ പരിശോധിക്കാം. സർവ്വേ പൂർത്തീകരണത്തിന് നേതൃത്വം നൽകിയ പയ്യന്നൂർ ഡിജിറ്റൽ സർവേ സൂപ്രണ്ട് സിജി തോമസിനെയും കണ്ണൂർ അസിസ്റ്റന്റ് ഡയറക്ടർ ഓഫീസ് ടെക്നിക്കൽ അസിസ്റ്റന്റ് കെ.എം പീതാംബരനെയും ജില്ലാ കലക്ടർ അനുമോദിച്ചു.
അസിസ്റ്റന്റ് കലക്ടർ എഹ്തെദാ മുഫസിർ, ഡെപ്യൂട്ടി കലക്ടർ (എൽ ആർ) ലതാദേവി, ടെക്നിക്കൽ അസിസ്റ്റന്റ് കെ.എം പീതാംബരൻ, ഹെഡ് ഡ്രാഫ്റ്റ്മാൻ വി.ആർ സുധീർ കുമാർ എന്നിവർ പങ്കെടുത്തു.