കണ്ണൂർ: ജയത്തിലും ആർമാദിക്കാതെ വേദനകളൂറും വാക്കുകൾ. ഹൃദയംതൊട്ട ടെന്നീസിലെ ടുണീഷ്യൻ വനിതാ താരം ഓൺസ് ജാബറിന്റെ ചിത്രം ചരിത്രമാകുമ്പോൾ അഭിമാന നിമിഷങ്ങൾക്ക് കൈയടിക്കുകയാണ് മാട്ടൂൽ ജനത. മാട്ടൂൽ സ്വദേശി സി.എം.കെ മുസ്തഫ വരച്ച സമാധാന സന്ദേശ ചിത്രം ടൂണീഷ്യൻ എംബസിയിൽ പ്രദർശിപ്പിക്കുന്ന വേളയിലാണ് ഗ്രാമ പഞ്ചായത്ത് നേതൃത്വത്തിൽ നാട് അഭിമാനപൂരിതമാകുന്നത്. മാട്ടൂലിന്റെ സന്തോഷ നിമിഷത്തെ ധന്യമാക്കിയ ഇന്ത്യയിലെ ടുണീഷ്യൻ എംബസിക്ക് അഭിനന്ദനങ്ങളും അറിയിക്കുകയാണ് നാടിന്റെ ഒത്തുചേരലിൽ. മുസ്തഫയുടെ ചിത്രം ടുണീഷ്യ ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കുമ്പോൾ ഇ-മെയിലായാണ് അഭിനന്ദനവുമായി ആഹ്ലാദത്തിന്റെ സന്ദേശമൊഴുകുന്നത്.
ഹൃദയസ്പർശിയായ ചിത്രം ലഭിച്ചതോടെ ടുണീഷ്യൻ എംബസിയിൽ പ്രത്യേകയിടമൊരുക്കി പ്രദർശിപ്പിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ലോകത്തിന്റെ ഐക്യവും സമാധാനവും പ്രോത്സാാഹിപ്പിക്കുന്നതാണ് മുസ്തഫയുടെ ചിത്രം. തന്റെയൊരു പെയിന്റിംഗ് ലോക സമാധാനത്തിന്റെ പ്രതീകമാകുമാറ് അംഗീകരിക്കപ്പെടുമ്പോൾ സന്തോഷനിറവിലാണ് ചിത്രകാരൻ മുസ്തഫ. നാടിന്റെ പിന്തുണയും സ്‌നേഹവുമാണ് തന്നെ ഈ നേട്ടത്തിലേക്കെത്തിച്ചതെന്നും ഈ കലാകാരൻ പറയുന്നു. ഒരു ചിത്രത്തിലൂടെ ലോകത്തിന് മുന്നിൽ നാടിനെ അറിയിച്ച ചരിത്ര മുഹൂർത്തം മാട്ടൂലിനെയും അഭിമാന നിറവിലാക്കിയെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ ഫാരിഷയും വൈസ് പ്രസിഡന്റ് ഗഫൂർ മാട്ടൂലും സാമൂഹ്യപ്രവർത്തകൻ ടി.പി അബ്ബാസ് ഹാജിയും അഭിപ്രായപ്പെട്ടു. പൊതുപ്രവർവർത്തകരായ പി.വി ഇബ്രാഹിം, പി.സി ഷാജഹാൻ, ടി.ടി.വി ഹാഷിം, എം രാജു, പി.വി പ്രദീപ്, അജിത്ത് മാട്ടൂൽ എന്നിവരും പൂർണ പിന്തുണയുമായി രംഗത്തുണ്ട്. രാജ്‌മോഹൻ ഉണ്ണിത്താൻ എംപിയുടെ സഹകരണവും സന്തോഷ നിമിഷങ്ങൾക്ക് കരുത്താകുകയാണ്.
2023 നവംബർ ഒന്നിന് നടന്ന വനിതാ ടെന്നീസ് മത്സരത്തിലെ ജേതാവ് ഓൺസ് ജാബർ സമ്മാനച്ചടങ്ങിൽ വിതുമ്പലോടെ പങ്കുവെച്ച ആ വാക്കുകളാണ് ഹൃദയസ്പർശിയായ സമാധാന ചിത്രത്തിന്റെ പിറവി. താരത്തിന്റെ വാക്കുകൾക്ക് മൂന്നിൽ വികാരാധീതനായ മുസ്തഫ സമ്മാനദാന ചടങ്ങിലെ ആ ദൃശ്യത്തെ കാൻവാസിലാക്കിയതോടെ ലോകം ശ്രദ്ധിക്കുന്ന കാഴ്ചയായി മാറുകയായിരുന്നു ആ ചിത്രം. തന്റെ ആ ചിത്രങ്ങൾ ടൂണീഷ്യയിൽ എത്തിക്കാനാകാത്ത സാഹചര്യത്തിൽ നിന്നും പിൻമാറാതെ ഡൽഹിയിലെ ടൂണീഷ്യൻ എംബസി വഴിയാണ് ആ ദൗത്യം വിജയിപ്പിച്ചെടുത്തത്. സാമൂഹ്യ-രാഷ്ട്രീയ പ്രവർത്തകരുടെ പിന്തുണയിൽ ലോകസമാധാന ചിത്രവുമായി ബന്ധപ്പെട്ട വിവരങ്ങൾ അയച്ചും ആശയവിനിമയം നടത്തി കാത്തിരിപ്പുകൾക്കൊടുവിൽ തന്റെ കാഴ്ചപാടുകൾക്ക് സ്വപ്നനിറവേകുകയായിരുന്നു മുസ്തഫ.